2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

പറയാതെ പോയ ഇഷ്ടം


ഒരിക്കൽ നിങ്ങൾ പ്രണയിച്ച പെൺകുട്ടിയോട്
അവളറിയാതെ പോയ നിങ്ങളുടെ പ്രണയത്തെക്കുറിച്ച്
ഒരിക്കലും പറയരുത്
നിങ്ങൾ അവൾക്കായി എഴുതി, അയക്കാതെവെച്ച
പ്രണയലേഖനത്തിലെ വരികൾ
സന്ദേശങ്ങളായി അയക്കരുത്
അവളെക്കുറിച്ച് നിങ്ങൾ ഒരിക്കൽ എഴുതിയ
കവിത അവൾ കേൾക്കാനായി
വീണ്ടും പാടരുത്.
കാരണം,
വിറയാർന്ന കൈത്തലം കൊണ്ട്
നിങ്ങൾ അവൾക്കയച്ച സന്ദേശങ്ങളിൽ
അവളുടെ കൈത്തലത്തിന്റെ തണുപ്പ് തിരയുമ്പോൾ
പനിച്ചൂടിലുരുകുന്ന കുഞ്ഞിന്റെ നെറ്റിയിലേക്ക്
അവളത് ചേർത്ത് വെച്ചിരിക്കും
അവളുടെ മുടിയെക്കുറിച്ചെഴുതിയ കവിതയിൽ
നിങ്ങൾ മുഖം ഒളിപ്പിക്കുമ്പോൾ
ആ മുടിയൊന്നു കോതുവാനാകാതെ
അവളുടെ ചിന്തകൾ ജടപിടിച്ചിരിക്കും
അവൾ അടുപ്പിലേക്ക് എടുത്തുവെച്ച
പാത്രത്തിനടിയിലെ വെള്ളത്തുളളിയോളം
ആയുസ്സേ നിങ്ങളുടെ പ്രണയത്തിനും ഉണ്ടാവൂ
നിങ്ങൾ ഒരിക്കൽ പ്രണയിച്ച പെൺകുട്ടിയോട്
പറയാതെ പോയൊരിഷ്ടം ഒരിക്കലും പറയരുത്
കാരണം, പറയാത്ത വാക്കിന്റെ നഷ്ടം

നിങ്ങൾക്ക് മാത്രമുള്ളതാണ്. 

Read more...

2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഗണിതം

തുടക്കത്തിൽ വളരെ ലളിതമായിരുന്നു എല്ലാം
ഒറ്റ അക്കങ്ങളിൽ വിരൽത്തുമ്പിൽ കൂട്ടിയും കുറച്ചും
സ്വപ്നങ്ങളുടെ പെരുക്കങ്ങളായിരുന്നു പിന്നെ
വീതംവെയ്ക്കലുകൾ നഷ്ടങ്ങളുടെ ആവർത്തനമായിരുന്നു
സമദൂരത്തിനപ്പുറം പരിധികൾ കൂടി നിശ്ചയിക്കുമെന്ന് വൃത്തങ്ങളുടെ മുന്നറിയിപ്പ്
തട്ടുകൾ ഉയർന്നും താഴ്ന്നും സമവാക്യങ്ങൾ
ഇന്നും ശരികളായിത്തന്നെ തുടരുന്നു.

Read more...

എഴുത്തുകാരികൾ

എഴുത്തുകാരികൾ അടുത്ത ജന്മത്തിൽ കാറ്റായി ജനിക്കും
ഒരു മുളങ്കുഴലിന്റെ സുഷിരങ്ങളിൽ നൃത്തമാടി അതിൽ സംഗീതം തീർക്കും
മണൽക്കൂനകളിൽ വിരൽത്തുമ്പുകൊണ്ടു കഥകളെഴുതും
കുഞ്ഞു മേഘങ്ങളെ മാറിലൊതുക്കി പറന്ന്
എരിയുന്ന മണ്ണിലേക്ക് മഴയായി പതിക്കും
നിറകണ്ണുകളിലേക്ക് തണുപ്പായി വീശി
കണ്ണീരിനെ കവിതയാക്കി മാറ്റും
കാണാനാവാത്ത ചതുപ്പുനിലങ്ങളിൽ
വേരുകൾ കൊണ്ട് ശ്വസിക്കാൻ പഠിക്കും
തനിക്കുമേൽ വളരുന്ന നുണകളിലേക്കു ചുഴലിയായി ആഞ്ഞടിക്കും.

Read more...

2019, മാർച്ച് 14, വ്യാഴാഴ്‌ച

ഉത്സവച്ചിത്രം

ഒരിക്കലും മാറ്റി വരയ്ക്കാനാവാത്ത 
ഉത്സവച്ചിത്രം പോലെയാണ് ഓർമ്മകൾ
കറുത്ത സത്യങ്ങളെ നെറ്റിപ്പട്ടമണിയിച്ച്‌
തിടമ്പേറ്റി നിർത്തുന്ന കാലം
തീരാത്ത മത്സരങ്ങളുടെ കുടമാറ്റങ്ങൾ 
സ്നേഹത്തിന്റെ വെൺചാമരങ്ങൾ
സ്വപ്നങ്ങൾ പീലി വിടർത്തുന്ന ആലവട്ടങ്ങൾ
ഒരു കൈ ചെണ്ടയിലും ഒരു കൈ വായുവിലും നിർത്തുന്ന 
ആവേശത്തിന്റെ സന്തുലനങ്ങൾ
നിലയ്ക്കാത്ത കെട്ടു കാഴ്ചകൾ
അലിഞ്ഞു തീരാത്ത മധുരക്കൂമ്പാരങ്ങൾ

Read more...

കവിതയും ഞാനും

പ്രണയമെന്നും നിന്നോടായിരുന്നു
നാല്ക്കവലകളിൽ വഴി പിരിഞ്ഞിട്ടും
പിന്നേയും കൂട്ടു വന്നവനോട്
കാറ്റിൽ മുല്ലപ്പൂ മണമായ് തീർന്നവനോട്
നിറങ്ങൾ കൊണ്ട് മഴവില്ല് തീർത്തവനോട്
ഉത്സവത്തിരക്കിൽ കൈവിടാത്തവനോട്
കറുപ്പിനെ അക്ഷരങ്ങളാക്കിയവനോട്
പെരുമഴയിൽ കൂടെ നനയാനിറങ്ങിയവനോട്
പുളിയിലയുടെ തണലൊരുക്കിയവനോട്
മുഖം ചുളിക്കാത്ത കേൾവിക്കാരനോട്
കഥ പറഞ്ഞ് തോളിലുറക്കിയവനോട്
പ്രണയമെന്നും നിന്നോടായിരുന്നു
പതിറ്റാണ്ടുകൾ കൂടെ നടന്ന്
കവിതയായി തീർന്നവനോട്

Read more...

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP