2009, സെപ്റ്റംബർ 5, ശനിയാഴ്‌ച

ഒരു അധ്യാപക ദിനം കൂടി കടന്നു പോകുമ്പോള്‍

ഇന്ന് അധ്യാപക ദിനം. എന്തുകൊണ്ടോ വര്‍ഷങ്ങളായി ഈ ദിവസം ഞാന്‍ മറക്കാറില്ല. എന്‍റെ അധ്യാപകരെ ഓര്‍ക്കാനായി ഈ ദിവസം മാറ്റിവെക്കുന്നു എന്ന് പറഞ്ഞാല്‍ അത് വെറുതെയാവും. വര്‍ഷത്തില്‍ ഈ ഒരു ദിവസം മാത്രമല്ല ഞാന്‍ അവരെ ഓര്‍ക്കുന്നത്. അല്ലാതെയും ഇടയ്ക്കിടയ്ക്ക് അവര്‍ എന്‍റെ മനസ്സിലേക്ക് വരാറുണ്ട്. എന്‍റെ ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് എന്‍റെ അദ്ധ്യാപകര്‍ എനിക്ക് പകര്‍ന്നുതന്ന അറിവും അവരുടെ അനുഗ്രഹവും നിമിത്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ ഇത് എഴുതാനായി ഞാന്‍ ഇരുന്നപ്പോള്‍ മനസ്സിലൂടെ എന്‍റെ അധ്യാപകരുടെ മുഖങ്ങള്‍ കടന്നു പോയി. ആദ്യമായി സ്കൂളില്‍ ചെന്ന ദിവസം കരഞ്ഞു കൊണ്ടിരുന്ന എന്നെ എടുത്തുനടന്ന റോസി റ്റീച്ചര്‍, ഇംഗ്ലീഷ് മീഡിയത്തില്‍ നിന്ന് വന്നത്ടുകൊണ്ട് മാര്‍ക് കൂടുതലുണ്ടെങ്കിലും ക്ലാസ്സില്‍ ഒന്നാം സ്ഥാനം തരാന്‍ കഴിയില്ലെന്ന് പറഞ്ഞ സൈഫുന്നിസ്സടീചെര്‍, നന്നായി പഠിക്കുന്ന കുട്ടി എന്നാ പരിഗണനയില്‍ ഒരേയൊരു ടെക്സ്റ്റ്‌ ബുക്ക്‌ എനിക്ക് തന്ന സാവിത്രി റ്റീച്ചര്‍, ബീജഗണിതം എന്ന ബാലികേറാമല എളുപ്പമാക്കി ഗണിതം എന്‍റെ പ്രിയപ്പെട്ട വിഷയമാക്കി മാറ്റിയ സരസ്വതി ടീച്ചറും രത്നകുമാരി ടീച്ചറും, ആദ്യമായെഴുതിയ കവിത തിരുത്തിത്തന്ന മുരുകന്‍ മാഷ്‌, കോളേജ് അദ്ധ്യാപകര്‍ കുട്ടികളില്‍ നിന്ന് ഒട്ടും അകലെയല്ലെന്നു മനസ്സിലാക്കി തന്ന, വര്‍ഷങ്ങള്‍ക്കു ശേഷവും ഫോണിലൂടെ എന്‍റെ ശബ്ദം തിരിച്ചറിഞ്ഞ പദ്മജ റ്റീച്ചര്‍, ഓര്‍ഗാനിക്‌ കെമിസ്ട്രി യുക്തിപൂര്‍വ്വം മനസ്സിലാക്കാന്‍ പഠിപ്പിച്ച രവീന്ദ്രന്‍ സര്‍, ജേര്‍ണലിസം ക്ലാസ്സിലെ ആദ്യ പാഠങ്ങള്‍ പറഞ്ഞു തന്ന സുഭാഷ്‌ സര്‍ അങ്ങനെ പോകുന്നു ആ നിര. വിട്ടുപോയ പേരുകള്‍ ഉണ്ടാവാം. പക്ഷെ മനസ്സില്‍ നിന്ന് അവര്‍ ഒരിക്കലും മായുന്നില്ല. അദ്ധ്യാപകര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്ന ബഹുമാനം അത് മറ്റൊരു ജോലിക്കും ലഭിക്കില്ല എന്ന് തോന്നുന്നു. ബ്ലോഗില്‍ നിന്ന് പരിചയപ്പെട്ട പള്ളിയറ ശ്രീധരന്‍ സര്‍, മിനി റ്റീച്ചര്‍ എന്നിവരും എന്‍റെ മനസ്സില്‍ അധ്യാപകരുടെ സ്ഥാനത്താണ്.

എന്‍റെ അധ്യാപകരെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നതിനാലാവണം ഒരിക്കലും ഒരു അധ്യാപികയാവണം എന്നെനിക്കു തോന്നിയിട്ടില്ല. ഞാന്‍ അധ്യാപികയായാല്‍ എന്‍റെ അധ്യാപകര്‍ക്ക് ലഭിചിരുന്നതുപോലെ ഒരു സ്ഥാനം എന്‍റെ വിദ്യാര്‍ഥികളില്‍ നിന്ന് എനിക്ക് ലഭിച്ചില്ലെങ്കിലോ എന്ന സ്വാര്‍ത്ഥ ചിന്തയായിരുന്നിരിക്കണം എന്‍റെ മനസ്സില്‍. ടി.ടി.സി. ക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ അത് വേണ്ടെന്നു വെച്ചതിനു നാട്ടുകാരും വീട്ടുകാരും മുഴുവന്‍ എന്നെ കുറ്റപ്പെടുത്തി. കോളേജില്‍ എഴുത്ത്, വായന, സാഹിത്യം എല്ലാമായി നടന്നിരുന്നതുകൊണ്ട്‌ ക്യാമ്പസ്‌ വിട്ടു പോകാന്‍ വിഷമം ഉണ്ടായിരുന്നു എന്നതും ആ അവസരം നഷ്ടപ്പെടുത്തിയതിനു ഒരു കാരണമാണ്. പക്ഷെ പഠിപ്പിക്കാന്‍ ഇഷ്ടമില്ലാത്ത എന്നെക്കൊണ്ട് ആ ജോലി തന്നെ കുറച്ചു കാലം ചെയ്യിക്കണം എന്ന് കൃഷ്ണന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഡിഗ്രി റിസള്‍ട്ട്‌ വന്നപ്പോള്‍, MSc ക്ക് അഡ്മിഷന്‍ കിട്ടാനുള്ള മാര്‍ക്ക്‌ ഇല്ല. MCJ എന്ട്രന്‍സ് നവംബര്‍ മാസത്തില്‍ ആണ്. അത് വരെ എന്ത് ചെയ്യും? അപ്പോഴാണ്‌ ഞങ്ങളുടെ കുടുംബത്തില്‍ തന്നെയുള്ള ഒരു മാഷ്‌ ഒരു പരിഹാരം കണ്ടു പിടിച്ചത്. ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ കെമിസ്ട്രി, ഫിസിക്സ്‌ വിഷയങ്ങള്‍ എടുക്കാന്‍ ഒരു ടീച്ചറുടെ കുറവുണ്ട്. സര്‍ക്കാര്‍ നിയമനം നടക്കാതതുകൊണ്ട് അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന സംഘടന ആണ് അധ്യാപകരെ നിയമിക്കുന്നത്. അങ്ങനെ ട്രെയിനിംഗ് ഒന്നും ഇല്ലാതെ, പഠിച്ചിരുന്ന സ്കൂളില്‍ തന്നെ ഞാന്‍ അധ്യാപികയായി. ഒന്‍പതാം ക്ലാസ്സില്‍ ആണ് പഠിപ്പിക്കേണ്ടത്. സാമാന്യം നല്ല പേടി ഉണ്ട് എനിക്ക്. അത് പക്ഷെ പുറത്തു കാണിക്കാറില്ല എന്ന് മാത്രം. കുട്ടികളില്‍ പകുതി പേരും പഠിക്കാന്‍ വേണ്ടിയല്ല സ്കൂളില്‍ വരുന്നത്. അധ്യാപകരെ കളിയാക്കുന്ന സംഘങ്ങള്‍ ഒരു ഭാഗത്ത്. അവര്‍ക്ക് എന്നെപ്പോലെയുള്ളവരെ കാണുമ്പോള്‍ സന്തോഷമാണ്. ഈ റ്റീച്ചര്‍ തന്നെ ഒന്നും ചെയ്യില്ല എന്ന് അവര്‍ക്കറിയാം. അതുകൊണ്ട് പരമാവധി വികൃതികള്‍ അവര്‍ കാണിക്കും. ഞാന്‍ പഠിപ്പിച്ചിരുന്ന ക്ലാസ്സുകളിലും ഉണ്ടായിരുന്നു ഇങ്ങനെ പല വിധത്തിലുള്ള കുട്ടികള്‍. സ്വാഭാവികമായും, നന്നായി പഠിക്കുന്ന കുട്ടികളെ അധ്യാപകര്‍ ഓര്‍ത്തിരിക്കും. വികൃതി കാണിക്കുന്നവരേയും അവര്‍ മറക്കാറില്ല. എന്തായാലും ഓണം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് ഒരു പാരലല്‍ കോളേജ് അധ്യാപികയുടെ ജോലി സ്വീകരിച്ചു. അങ്ങനെ ആ വര്‍ഷം അവസാനം, MCJ ക്ക് അഡ്മിഷന്‍ കിട്ടുന്നതുവരെ ഞാന്‍ അധ്യാപികയായി ജോലി നോക്കി. ജീവിതത്തിലെ കുറെ പാപങ്ങള്‍ അങ്ങനെ തീര്‍ന്നു കിട്ടി എന്ന് വേണം പറയാന്‍.
MCJ കഴിഞ്ഞു പരസ്യ കമ്പനിയില്‍ എനിക്ക് ജോലി കിട്ടി. എറണാകുളത്തു ഞാന്‍ ജോലി ചെയ്തിരുന്ന സമയം. ഒരു തിങ്കളാഴ്ച. തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആയതിനാല്‍ ബസ്സ്‌ ഇല്ല. പട്ടാമ്പിയില്‍ നിന്ന് തൃശൂര്‍ ജില്ല വഴിയല്ലാതെ എറണാകുളത്തു പോകാനും പറ്റില്ല. പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആയതിനാല്‍ നേരത്തെ യാത്ര തിരക്കുക എന്നാ ആശയവും നടപ്പിലാവില്ല. അപ്പോഴാണ്‌ ട്രെയിന്‍ എന്ന ആശയം മനസ്സില്‍ വന്നത്. രാവിലെ ഞാന്‍ ട്രെയിനില്‍ എറണാകുളത്തു പോകാറില്ല. കണ്ണൂര്‍ - ആലപ്പുഴ എക്സ്പ്രസ്സ്‌ 8.20 -നാണ്. അത് എറണാകുളത്തു എത്തുമ്പോള്‍ 11.30 ആകും. 9.30 ആണ് ഓഫീസ് സമയം. അന്ന് എന്തായാലും ഞാന്‍ ട്രെയിനില്‍ യാത്ര തിരിക്കാന്‍ തീരുമാനിച്ചു. ടിക്കറ്റ്‌ എടുത്തു പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ ഒരു പെണ്‍കുട്ടി എന്നെ നോക്കി ചിരിക്കുന്നു. എവിടെയാണ് ഞാന്‍ ഈ കുട്ടിയെ കണ്ടിട്ടുള്ളത്? കോളേജ്, യൂനിവേഴ്സിടി, ജോലി ചെയ്തിടുന്ന ഏതെങ്കിലും സ്ഥലം ... ഞാന്‍ ഓര്‍ത്തുനോക്കി. ഒരുപിടിയും കിട്ടുന്നില്ല. ഞാന്‍ അടുത്തെത്തിയപ്പോള്‍ അവള്‍ ചോദിച്ചു, " റ്റീച്ചര്‍ എവിടെക്കാണ്‌?" എനിക്ക് സമാധാനമായി. ഞാന്‍ മനസ്സില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടി. മെല്ലെ അവളുടെ പേര് ഞാന്‍ ഓര്‍ത്തെടുത്തു. പണ്ട് സ്കൂളില്‍ ഞാന്‍ പഠിപ്പിച്ച ഒന്‍പതാം ക്ലാസ്സുകാരി. പഠിക്കുന്ന കുട്ടികളുടെ ഗ്രൂപ്പില്‍ ആയിരുന്നതിനാല്‍ അവളെ ഓര്‍ത്തെടുക്കാന്‍ എനിക്ക് പ്രയാസം ഉണ്ടായില്ല. ട്രെയിനില്‍ എറണാകുളത്തേക്കുള്ള യാത്രക്കിടയില്‍ ഞാന്‍ അവളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. എറണാകുളത്തെ പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ ആണ് അവള്‍ പഠിക്കുന്നത്. ഞാന്‍ പഠിപ്പിച്ച കുട്ടിക്ക് ഒരു എഞ്ചിനീയറിംഗ് അഡ്മിഷന്‍ കിട്ടിയല്ലോ എന്ന ഒരു സ്വകാര്യ അഹങ്കാരം എനിക്ക് തോന്നാതിരുന്നില്ല.
അന്നത്തെ ട്രെയിന്‍ യാത്ര കഴിഞ്ഞിട്ട് മാസം ഒന്ന് കഴിഞ്ഞു. ഒരു ദിവസം രാവിലെ ഞാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ വലിയ ചര്‍ച്ച. മാര്‍ക്ക്‌ ലിസ്റ്റ് തിരുത്തി എഞ്ചിനീയറിംഗ് അഡ്മിഷന്‍ നേടിയ ഒരു കുട്ടിയെ പറ്റിയാണ് അവര്‍ പറയുന്നത്. കുറച്ചു കഴിഞ്ഞു ഞാന്‍ പത്രം എടുത്തു നോക്കി. ഒന്നാം പേജില്‍ ആ കുട്ടിയുടെ ഫോട്ടോ. മുഖം പകുതി ‌മറച്ചിരിക്കുന്നു. ഈ കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് കരുതി വാര്‍ത്തയിലേക്ക് കണ്ണോടിച്ചു. ആ പേര് കണ്ടു ഞാന്‍ ഞെട്ടി. ഒരു മാസം മുന്‍പ് ട്രെയിന്‍ യാത്രയില്‍ ഞാന്‍ കണ്ട, ഞാന്‍ പഠിപ്പിച്ച കുട്ടി. ഞാന്‍ പത്രം നോക്കുന്നത് കണ്ടു ഒരു സഹപ്രവര്‍ത്തകന്‍ അടുത്തെത്തി. "സംഗീതയ്ക്ക് പരിചയം ഉണ്ടോ? നിങ്ങളുടെ നാട്ടുകാരി ആണല്ലോ." സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. "കണ്ടിട്ടുണ്ടെന്ന് തോന്നുന്നു." അപ്പോള്‍ ആ കുട്ടിയെ ഞാന്‍ പഠിപ്പിച്ചതാണ് എന്ന് പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭൂകമ്പം എനിക്കറിയാം. എങ്കിലും എന്‍റെ മനസ്സില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ നടുക്കം എന്നെ വിട്ടു പോയിരുന്നില്ല. ഞാന്‍ ഫ്രണ്ട് ഓഫീസില്‍ ചെന്ന് എന്‍റെ സുഹൃത്തായ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ സഹപ്രവര്‍ത്തകനോട് അങ്ങനെ പറഞ്ഞതിനോട് അവളും യോജിച്ചു. അല്ലെങ്കില്‍ അവര്‍ എന്നെ കളിയാക്കി കൊല്ലുമെന്ന് അവള്‍ പറഞ്ഞു. അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ പഠിപ്പിച്ച കുട്ടി ഇത്രയും കള്ളത്തരങ്ങള്‍ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനായില്ല.
ആ സംഭവം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും ആ എന്‍റെ മനസ്സില്‍ നിന്ന് പത്രത്തില്‍ കണ്ട ആ കുട്ടിയുടെ മുഖം മാഞ്ഞിട്ടില്ല. ആ വാര്‍ത്തയും.
ഓരോ കുറ്റവാളിയുടേയും ഫോട്ടോ പത്രത്തില്‍ കാണുമ്പോള്‍, ഓരോ കാപട്യതിന്റെയും ക്രൂരതയുടേയും കഥകള്‍ കേള്‍ക്കുമ്പോള്‍ അവരെ തിരിച്ചറിയുന്ന ഒരു ഹൃദയം, അവരുടെ മാതാപിതാക്കളോടൊപ്പം അവരെക്കുറിച്ചു ഓര്‍ത്തു വേദനിക്കുന്ന, അവരുടെ അധ്യാപകന്‍റെ അല്ലെങ്കില്‍ അധ്യാപികയുടെ ഹൃദയം, അത് അവര്‍ തിരിച്ചറിയുന്നുണ്ടാകുമോ?

Read more...

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP