2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

വ്യഖ്യാനഭേദങ്ങള്‍

വ്യാഖ്യാനങ്ങള്‍ ഭയന്ന് പണ്ടേ പടിയടച്ച്‌ പിണ്ഡം വെച്ചവ:
ആത്മഹത്യയും ഭ്രാന്തും
പടിപ്പുരയില്‍ മുട്ടിവിളിച്ചുകൊണ്ടേയിരുന്നു
വാതില്‍ കടക്കുന്ന നിമിഷത്തില്‍
അവ വ്യാഖ്യാനങ്ങള്‍ എഴുതിത്തുടങ്ങും
ഡയറിത്താളില്‍ കുറിച്ചിട്ട കവിതയില്‍ നിന്ന്
പ്രണയ നൈരാശ്യം ചികെഞ്ഞെടുക്കും
അടഞ്ഞു കിടക്കുന്ന മുറികളില്‍ കയറിയിറങ്ങി
അനാഥത്വത്തെ തട്ടിയുണര്‍ത്തും
കരിന്തിരി കത്തുന്ന വിളക്കില്‍ നിന്ന്
ദാരിദ്ര്യം കണ്ടെടുക്കും

അതിനാല്‍ ഞാന്‍ പടിപ്പുരവാതില്‍
എന്നെന്നേക്കുമായി അടച്ചു;
നിലാവില്‍ ഉണങ്ങാനിട്ട സ്വപ്നങ്ങള്‍ക്ക് കാവലിരുന്നു.

Read more...

2009, ഫെബ്രുവരി 14, ശനിയാഴ്‌ച

മനസ്സില്‍...

പറഞ്ഞതിനും പറയാതിരുന്നതിനും ഇടയ്ക്ക്
ബാക്കി വന്ന ഒരു വാക്ക്
ഉറക്കത്തിനും ഉണര്‍വിനും ഇടയ്ക്ക്
നഷ്‌ടമായ ഒരു സ്വപ്നം
കണ്ണിനും കണ്ണാടിക്കുമിടയില്‍
മങ്ങിപ്പോയ ഒരു പ്രതിബിംബം
ചോദ്യത്തിനും ഉത്തരത്തിനും ഇടയ്ക്ക്
വിട്ടുപോയ ഒരു ശരി
അവ
അലഞ്ഞുകൊണ്ടേയിരുന്നു

Read more...

2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

പുനര്‍ജ്ജന്മം

ഇനിയൊരു ജന്മമുണ്ടെങ്കില്‍
ഒരു ഭൂതമായി ജനിക്കണം
ഒരു ചിപ്പിക്കുള്ളില്‍ ഒതുങ്ങാനും
മലയായി വളരാനും അതിനേ കഴിയൂ
എന്നിട്ടു വേണം
വാക്കുകള്‍ക്കിടയില്‍ പതുങ്ങിയിരിക്കാന്‍
ഓര്‍ക്കാപ്പുറത്ത് ആഞ്ഞടിക്കാന്‍
ദ്രവിച്ചുതുടങ്ങിയിട്ടും കാത്തുസൂക്ഷിക്കുന്ന കൊട്ടാരങ്ങള്‍
ഒരു നിമിഷം കൊണ്ട് ചാമ്പലാക്കാന്‍
ഉടച്ചുകളഞ്ഞ കുടത്തിലെ സ്വാതന്ത്ര്യം
തിരിച്ചു പിടിക്കാന്‍.

Read more...

2009, ഫെബ്രുവരി 7, ശനിയാഴ്‌ച

ഭാഗം

പങ്കുവെക്കലിന്റെ തുല്യതയില്‍
രൂപം നിങ്ങള്‍ക്കും നിഴല്‍ എനിക്കും ലഭിച്ചപ്പോള്‍
പിന്നിട്ട ദൂരമത്രയും
നിഴലിനു പിന്നില്‍ ഒളിപ്പിക്കാനായിരുന്നു എനിക്കിഷ്ടം
ചിരികള്‍ നിങ്ങള്‍ക്കായി പങ്കുവെച്ചപ്പോഴും
മാറ്റിവെച്ച കരച്ചിലുകളിലായിരുന്നു നിങ്ങളുടെ ശ്രദ്ധ
ചോദിക്കരുത്;
ചിരിയില്‍ പൊതിഞ്ഞ കഥകളെപ്പറ്റി,
പങ്കുവെക്കനാവാത്ത നിഴലിനെപ്പറ്റി.

Read more...

2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

അന്വേഷണം

കണ്ണിനോടു പിണങ്ങി
കണ്ണുനീര്‍ പടിയിറങ്ങിയപ്പോള്‍
കനലെരിച്ചു ശുദ്ധമാക്കിയെങ്കിലും
തിരിച്ചുവിളിക്കുവാന്‍ ഒരുങ്ങിയ മനസ്സിനെ
ചങ്ങലക്കിടെണ്ടി വന്നു.
എന്നിട്ടും,
ചങ്ങല പൊട്ടിച്ച് ഇറങ്ങിയപ്പോഴൊക്കെ
അത് കണ്ണുനീരിനെ തിരഞ്ഞുകൊണ്ടിരുന്നു.

Read more...

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP