2010, മാർച്ച് 9, ചൊവ്വാഴ്ച

ഒരു വനിതാ ദിനത്തിനു സംഭവിച്ചത്

മാര്‍ച്ച്‌ 7 ഞായര്‍
സമയം: രാവിലെ 10 മണി.
ഭാര്യ ഭര്‍ത്താവിനോട്: നാളെയല്ലേ വിമന്‍സ് ഡേ. (അന്താരാഷ്‌ട്ര വനിതാ ദിനം എന്ന് ചോദിച്ചാല്‍ അതെന്താ അത് എന്ന് ചോദിക്കുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് വിമന്‍സ് ഡേ എന്ന് ചോദിച്ചത്).
ഭര്‍ത്താവ്: അതെയോ? എനിക്കറിയില്ല. (അങ്ങനെയൊരു ഡേ ഉണ്ടോ എന്നാ അത്ഭുതം ഭര്‍ത്താവിന്റെ മുഖത്ത്. )
ഭാര്യ പിന്നെ ഒന്നും ചോദിച്ചില്ല.
മാര്‍ച്ച്‌ 8 തിങ്കള്‍.
സമയം: രാത്രി 10 .30
ടീവിയില്‍ വാര്‍ത്ത "ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം."
"കാതറീന്‍ ബിഗേലോയ്ക്ക് മികച്ച സംവിധായികയ്ക്കുള്ള ഓസ്കാര്‍ അവാര്‍ഡ്."
ഭാര്യ: കണ്ടോ, ആദ്യമായിട്ടാണ് ഒരു വനിതയ്ക്ക് മികച്ച സംവിധായികയ്ക്കുള്ള ഓസ്കാര്‍ കിട്ടുന്നത്. അവരുടെ മുന്‍ ഭര്‍ത്താവിന്റെ ചിത്രവും ഉണ്ടായിരുന്നു മത്സരത്തിന്.
ഭര്‍ത്താവ് മോണിട്ടറില്‍ നിന്ന് കണ്ണെടുത്തു ടീവിയില്‍ നോക്കി. പിന്നെ ഭാര്യയേയും. എന്നായിരിക്കും ഭര്‍ത്താവിനെ തോല്‍പ്പിച്ച് തനിക്കൊരു ഓസ്കാര്‍ കിട്ടുന്നത് എന്ന ഭാവം മുഖത്ത്.
വാര്‍ത്ത: വനിതാ ബില്‍ രാജ്യസഭയില്‍‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. "
ഭാര്യ: ഓ, ഉച്ച സമയത്തെ വാര്‍ത്തയില്‍ പറഞ്ഞത് 2 മണിക്ക് ബില്‍ അവതരിപ്പിക്കും എന്നാണ്. ലാലു പ്രസാദ്‌ ആണ് ബില്ലിനെ എതിര്‍ത്തവരില്‍ ഏറ്റവും മുന്നില്‍.
ഭര്‍ത്താവ്: എന്താണീ വനിതാ ബില്‍?
ഭാര്യ മറുപടി പറയാതെ അടുക്കളയിലേക്ക് പോയി.
പാവം ലാലു പ്രസാദ്‌ യാദവിനെ എന്തിനു കുറ്റം പറയണം. ഇതല്ലേ ഇന്ത്യയിലെ പുരുഷ വര്‍ഗ്ഗത്തിന്റെ അവസ്ഥ...

Read more...

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP