2009, സെപ്റ്റംബർ 5, ശനിയാഴ്‌ച

ഒരു അധ്യാപക ദിനം കൂടി കടന്നു പോകുമ്പോള്‍

ഇന്ന് അധ്യാപക ദിനം. എന്തുകൊണ്ടോ വര്‍ഷങ്ങളായി ഈ ദിവസം ഞാന്‍ മറക്കാറില്ല. എന്‍റെ അധ്യാപകരെ ഓര്‍ക്കാനായി ഈ ദിവസം മാറ്റിവെക്കുന്നു എന്ന് പറഞ്ഞാല്‍ അത് വെറുതെയാവും. വര്‍ഷത്തില്‍ ഈ ഒരു ദിവസം മാത്രമല്ല ഞാന്‍ അവരെ ഓര്‍ക്കുന്നത്. അല്ലാതെയും ഇടയ്ക്കിടയ്ക്ക് അവര്‍ എന്‍റെ മനസ്സിലേക്ക് വരാറുണ്ട്. എന്‍റെ ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് എന്‍റെ അദ്ധ്യാപകര്‍ എനിക്ക് പകര്‍ന്നുതന്ന അറിവും അവരുടെ അനുഗ്രഹവും നിമിത്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ ഇത് എഴുതാനായി ഞാന്‍ ഇരുന്നപ്പോള്‍ മനസ്സിലൂടെ എന്‍റെ അധ്യാപകരുടെ മുഖങ്ങള്‍ കടന്നു പോയി. ആദ്യമായി സ്കൂളില്‍ ചെന്ന ദിവസം കരഞ്ഞു കൊണ്ടിരുന്ന എന്നെ എടുത്തുനടന്ന റോസി റ്റീച്ചര്‍, ഇംഗ്ലീഷ് മീഡിയത്തില്‍ നിന്ന് വന്നത്ടുകൊണ്ട് മാര്‍ക് കൂടുതലുണ്ടെങ്കിലും ക്ലാസ്സില്‍ ഒന്നാം സ്ഥാനം തരാന്‍ കഴിയില്ലെന്ന് പറഞ്ഞ സൈഫുന്നിസ്സടീചെര്‍, നന്നായി പഠിക്കുന്ന കുട്ടി എന്നാ പരിഗണനയില്‍ ഒരേയൊരു ടെക്സ്റ്റ്‌ ബുക്ക്‌ എനിക്ക് തന്ന സാവിത്രി റ്റീച്ചര്‍, ബീജഗണിതം എന്ന ബാലികേറാമല എളുപ്പമാക്കി ഗണിതം എന്‍റെ പ്രിയപ്പെട്ട വിഷയമാക്കി മാറ്റിയ സരസ്വതി ടീച്ചറും രത്നകുമാരി ടീച്ചറും, ആദ്യമായെഴുതിയ കവിത തിരുത്തിത്തന്ന മുരുകന്‍ മാഷ്‌, കോളേജ് അദ്ധ്യാപകര്‍ കുട്ടികളില്‍ നിന്ന് ഒട്ടും അകലെയല്ലെന്നു മനസ്സിലാക്കി തന്ന, വര്‍ഷങ്ങള്‍ക്കു ശേഷവും ഫോണിലൂടെ എന്‍റെ ശബ്ദം തിരിച്ചറിഞ്ഞ പദ്മജ റ്റീച്ചര്‍, ഓര്‍ഗാനിക്‌ കെമിസ്ട്രി യുക്തിപൂര്‍വ്വം മനസ്സിലാക്കാന്‍ പഠിപ്പിച്ച രവീന്ദ്രന്‍ സര്‍, ജേര്‍ണലിസം ക്ലാസ്സിലെ ആദ്യ പാഠങ്ങള്‍ പറഞ്ഞു തന്ന സുഭാഷ്‌ സര്‍ അങ്ങനെ പോകുന്നു ആ നിര. വിട്ടുപോയ പേരുകള്‍ ഉണ്ടാവാം. പക്ഷെ മനസ്സില്‍ നിന്ന് അവര്‍ ഒരിക്കലും മായുന്നില്ല. അദ്ധ്യാപകര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്ന ബഹുമാനം അത് മറ്റൊരു ജോലിക്കും ലഭിക്കില്ല എന്ന് തോന്നുന്നു. ബ്ലോഗില്‍ നിന്ന് പരിചയപ്പെട്ട പള്ളിയറ ശ്രീധരന്‍ സര്‍, മിനി റ്റീച്ചര്‍ എന്നിവരും എന്‍റെ മനസ്സില്‍ അധ്യാപകരുടെ സ്ഥാനത്താണ്.

എന്‍റെ അധ്യാപകരെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നതിനാലാവണം ഒരിക്കലും ഒരു അധ്യാപികയാവണം എന്നെനിക്കു തോന്നിയിട്ടില്ല. ഞാന്‍ അധ്യാപികയായാല്‍ എന്‍റെ അധ്യാപകര്‍ക്ക് ലഭിചിരുന്നതുപോലെ ഒരു സ്ഥാനം എന്‍റെ വിദ്യാര്‍ഥികളില്‍ നിന്ന് എനിക്ക് ലഭിച്ചില്ലെങ്കിലോ എന്ന സ്വാര്‍ത്ഥ ചിന്തയായിരുന്നിരിക്കണം എന്‍റെ മനസ്സില്‍. ടി.ടി.സി. ക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ അത് വേണ്ടെന്നു വെച്ചതിനു നാട്ടുകാരും വീട്ടുകാരും മുഴുവന്‍ എന്നെ കുറ്റപ്പെടുത്തി. കോളേജില്‍ എഴുത്ത്, വായന, സാഹിത്യം എല്ലാമായി നടന്നിരുന്നതുകൊണ്ട്‌ ക്യാമ്പസ്‌ വിട്ടു പോകാന്‍ വിഷമം ഉണ്ടായിരുന്നു എന്നതും ആ അവസരം നഷ്ടപ്പെടുത്തിയതിനു ഒരു കാരണമാണ്. പക്ഷെ പഠിപ്പിക്കാന്‍ ഇഷ്ടമില്ലാത്ത എന്നെക്കൊണ്ട് ആ ജോലി തന്നെ കുറച്ചു കാലം ചെയ്യിക്കണം എന്ന് കൃഷ്ണന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഡിഗ്രി റിസള്‍ട്ട്‌ വന്നപ്പോള്‍, MSc ക്ക് അഡ്മിഷന്‍ കിട്ടാനുള്ള മാര്‍ക്ക്‌ ഇല്ല. MCJ എന്ട്രന്‍സ് നവംബര്‍ മാസത്തില്‍ ആണ്. അത് വരെ എന്ത് ചെയ്യും? അപ്പോഴാണ്‌ ഞങ്ങളുടെ കുടുംബത്തില്‍ തന്നെയുള്ള ഒരു മാഷ്‌ ഒരു പരിഹാരം കണ്ടു പിടിച്ചത്. ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ കെമിസ്ട്രി, ഫിസിക്സ്‌ വിഷയങ്ങള്‍ എടുക്കാന്‍ ഒരു ടീച്ചറുടെ കുറവുണ്ട്. സര്‍ക്കാര്‍ നിയമനം നടക്കാതതുകൊണ്ട് അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന സംഘടന ആണ് അധ്യാപകരെ നിയമിക്കുന്നത്. അങ്ങനെ ട്രെയിനിംഗ് ഒന്നും ഇല്ലാതെ, പഠിച്ചിരുന്ന സ്കൂളില്‍ തന്നെ ഞാന്‍ അധ്യാപികയായി. ഒന്‍പതാം ക്ലാസ്സില്‍ ആണ് പഠിപ്പിക്കേണ്ടത്. സാമാന്യം നല്ല പേടി ഉണ്ട് എനിക്ക്. അത് പക്ഷെ പുറത്തു കാണിക്കാറില്ല എന്ന് മാത്രം. കുട്ടികളില്‍ പകുതി പേരും പഠിക്കാന്‍ വേണ്ടിയല്ല സ്കൂളില്‍ വരുന്നത്. അധ്യാപകരെ കളിയാക്കുന്ന സംഘങ്ങള്‍ ഒരു ഭാഗത്ത്. അവര്‍ക്ക് എന്നെപ്പോലെയുള്ളവരെ കാണുമ്പോള്‍ സന്തോഷമാണ്. ഈ റ്റീച്ചര്‍ തന്നെ ഒന്നും ചെയ്യില്ല എന്ന് അവര്‍ക്കറിയാം. അതുകൊണ്ട് പരമാവധി വികൃതികള്‍ അവര്‍ കാണിക്കും. ഞാന്‍ പഠിപ്പിച്ചിരുന്ന ക്ലാസ്സുകളിലും ഉണ്ടായിരുന്നു ഇങ്ങനെ പല വിധത്തിലുള്ള കുട്ടികള്‍. സ്വാഭാവികമായും, നന്നായി പഠിക്കുന്ന കുട്ടികളെ അധ്യാപകര്‍ ഓര്‍ത്തിരിക്കും. വികൃതി കാണിക്കുന്നവരേയും അവര്‍ മറക്കാറില്ല. എന്തായാലും ഓണം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് ഒരു പാരലല്‍ കോളേജ് അധ്യാപികയുടെ ജോലി സ്വീകരിച്ചു. അങ്ങനെ ആ വര്‍ഷം അവസാനം, MCJ ക്ക് അഡ്മിഷന്‍ കിട്ടുന്നതുവരെ ഞാന്‍ അധ്യാപികയായി ജോലി നോക്കി. ജീവിതത്തിലെ കുറെ പാപങ്ങള്‍ അങ്ങനെ തീര്‍ന്നു കിട്ടി എന്ന് വേണം പറയാന്‍.
MCJ കഴിഞ്ഞു പരസ്യ കമ്പനിയില്‍ എനിക്ക് ജോലി കിട്ടി. എറണാകുളത്തു ഞാന്‍ ജോലി ചെയ്തിരുന്ന സമയം. ഒരു തിങ്കളാഴ്ച. തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആയതിനാല്‍ ബസ്സ്‌ ഇല്ല. പട്ടാമ്പിയില്‍ നിന്ന് തൃശൂര്‍ ജില്ല വഴിയല്ലാതെ എറണാകുളത്തു പോകാനും പറ്റില്ല. പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആയതിനാല്‍ നേരത്തെ യാത്ര തിരക്കുക എന്നാ ആശയവും നടപ്പിലാവില്ല. അപ്പോഴാണ്‌ ട്രെയിന്‍ എന്ന ആശയം മനസ്സില്‍ വന്നത്. രാവിലെ ഞാന്‍ ട്രെയിനില്‍ എറണാകുളത്തു പോകാറില്ല. കണ്ണൂര്‍ - ആലപ്പുഴ എക്സ്പ്രസ്സ്‌ 8.20 -നാണ്. അത് എറണാകുളത്തു എത്തുമ്പോള്‍ 11.30 ആകും. 9.30 ആണ് ഓഫീസ് സമയം. അന്ന് എന്തായാലും ഞാന്‍ ട്രെയിനില്‍ യാത്ര തിരിക്കാന്‍ തീരുമാനിച്ചു. ടിക്കറ്റ്‌ എടുത്തു പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ ഒരു പെണ്‍കുട്ടി എന്നെ നോക്കി ചിരിക്കുന്നു. എവിടെയാണ് ഞാന്‍ ഈ കുട്ടിയെ കണ്ടിട്ടുള്ളത്? കോളേജ്, യൂനിവേഴ്സിടി, ജോലി ചെയ്തിടുന്ന ഏതെങ്കിലും സ്ഥലം ... ഞാന്‍ ഓര്‍ത്തുനോക്കി. ഒരുപിടിയും കിട്ടുന്നില്ല. ഞാന്‍ അടുത്തെത്തിയപ്പോള്‍ അവള്‍ ചോദിച്ചു, " റ്റീച്ചര്‍ എവിടെക്കാണ്‌?" എനിക്ക് സമാധാനമായി. ഞാന്‍ മനസ്സില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടി. മെല്ലെ അവളുടെ പേര് ഞാന്‍ ഓര്‍ത്തെടുത്തു. പണ്ട് സ്കൂളില്‍ ഞാന്‍ പഠിപ്പിച്ച ഒന്‍പതാം ക്ലാസ്സുകാരി. പഠിക്കുന്ന കുട്ടികളുടെ ഗ്രൂപ്പില്‍ ആയിരുന്നതിനാല്‍ അവളെ ഓര്‍ത്തെടുക്കാന്‍ എനിക്ക് പ്രയാസം ഉണ്ടായില്ല. ട്രെയിനില്‍ എറണാകുളത്തേക്കുള്ള യാത്രക്കിടയില്‍ ഞാന്‍ അവളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. എറണാകുളത്തെ പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ ആണ് അവള്‍ പഠിക്കുന്നത്. ഞാന്‍ പഠിപ്പിച്ച കുട്ടിക്ക് ഒരു എഞ്ചിനീയറിംഗ് അഡ്മിഷന്‍ കിട്ടിയല്ലോ എന്ന ഒരു സ്വകാര്യ അഹങ്കാരം എനിക്ക് തോന്നാതിരുന്നില്ല.
അന്നത്തെ ട്രെയിന്‍ യാത്ര കഴിഞ്ഞിട്ട് മാസം ഒന്ന് കഴിഞ്ഞു. ഒരു ദിവസം രാവിലെ ഞാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ വലിയ ചര്‍ച്ച. മാര്‍ക്ക്‌ ലിസ്റ്റ് തിരുത്തി എഞ്ചിനീയറിംഗ് അഡ്മിഷന്‍ നേടിയ ഒരു കുട്ടിയെ പറ്റിയാണ് അവര്‍ പറയുന്നത്. കുറച്ചു കഴിഞ്ഞു ഞാന്‍ പത്രം എടുത്തു നോക്കി. ഒന്നാം പേജില്‍ ആ കുട്ടിയുടെ ഫോട്ടോ. മുഖം പകുതി ‌മറച്ചിരിക്കുന്നു. ഈ കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് കരുതി വാര്‍ത്തയിലേക്ക് കണ്ണോടിച്ചു. ആ പേര് കണ്ടു ഞാന്‍ ഞെട്ടി. ഒരു മാസം മുന്‍പ് ട്രെയിന്‍ യാത്രയില്‍ ഞാന്‍ കണ്ട, ഞാന്‍ പഠിപ്പിച്ച കുട്ടി. ഞാന്‍ പത്രം നോക്കുന്നത് കണ്ടു ഒരു സഹപ്രവര്‍ത്തകന്‍ അടുത്തെത്തി. "സംഗീതയ്ക്ക് പരിചയം ഉണ്ടോ? നിങ്ങളുടെ നാട്ടുകാരി ആണല്ലോ." സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. "കണ്ടിട്ടുണ്ടെന്ന് തോന്നുന്നു." അപ്പോള്‍ ആ കുട്ടിയെ ഞാന്‍ പഠിപ്പിച്ചതാണ് എന്ന് പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭൂകമ്പം എനിക്കറിയാം. എങ്കിലും എന്‍റെ മനസ്സില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ നടുക്കം എന്നെ വിട്ടു പോയിരുന്നില്ല. ഞാന്‍ ഫ്രണ്ട് ഓഫീസില്‍ ചെന്ന് എന്‍റെ സുഹൃത്തായ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ സഹപ്രവര്‍ത്തകനോട് അങ്ങനെ പറഞ്ഞതിനോട് അവളും യോജിച്ചു. അല്ലെങ്കില്‍ അവര്‍ എന്നെ കളിയാക്കി കൊല്ലുമെന്ന് അവള്‍ പറഞ്ഞു. അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ പഠിപ്പിച്ച കുട്ടി ഇത്രയും കള്ളത്തരങ്ങള്‍ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനായില്ല.
ആ സംഭവം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും ആ എന്‍റെ മനസ്സില്‍ നിന്ന് പത്രത്തില്‍ കണ്ട ആ കുട്ടിയുടെ മുഖം മാഞ്ഞിട്ടില്ല. ആ വാര്‍ത്തയും.
ഓരോ കുറ്റവാളിയുടേയും ഫോട്ടോ പത്രത്തില്‍ കാണുമ്പോള്‍, ഓരോ കാപട്യതിന്റെയും ക്രൂരതയുടേയും കഥകള്‍ കേള്‍ക്കുമ്പോള്‍ അവരെ തിരിച്ചറിയുന്ന ഒരു ഹൃദയം, അവരുടെ മാതാപിതാക്കളോടൊപ്പം അവരെക്കുറിച്ചു ഓര്‍ത്തു വേദനിക്കുന്ന, അവരുടെ അധ്യാപകന്‍റെ അല്ലെങ്കില്‍ അധ്യാപികയുടെ ഹൃദയം, അത് അവര്‍ തിരിച്ചറിയുന്നുണ്ടാകുമോ?

Read more...

2009, ഓഗസ്റ്റ് 26, ബുധനാഴ്‌ച

എന്‍റെ വീട്

എനിക്ക് രണ്ടു വീടുകള്‍ വേണം
ഒന്ന് മലമുകളില്‍
മറ്റേതു കടല്‍ക്കരയിലും
സമതലങ്ങള്‍ എനിക്കിഷ്ടമില്ല
അത് വേലിയേറ്റവും വേലിയിറക്കവും
എനിക്ക് നഷ്ടമാക്കും
മണല്‍ത്തരികളുടെ അടക്കിപ്പിടിച്ച സംസാരവും
തിരമാലകളുടെ പൊട്ടിച്ചിരിയും
എനിക്ക് നിഷേധിക്കും
മഴവില്ലിന്റെ മേല്‍ക്കൂരയും
മേഘത്തുണ്ടുകളുടെ തലയിണയും
എനിക്ക് അന്യമാക്കും
കടലിലേക്ക്‌ ഒരു അരുവിയായും
മലമുകളിലേക്ക് ഒരു മേഘമായും
എനിക്ക് ചെന്നെത്തണം
അതിനാല്‍ സമതലങ്ങളില്‍ എനിക്കായി
അണക്കെട്ടുകള്‍ തീര്‍ക്കരുത്‌.

Read more...

2009, ജൂലൈ 3, വെള്ളിയാഴ്‌ച

സ്വന്തം

ഉപാധികളില്ലാതെ നിന്നെ സ്നേഹിക്കാനായത്
നീ എന്‍റെ മനസ്സില്‍ മാത്രമായി ഒതുങ്ങിയപ്പോഴാണ്
മാലയിട്ടു നിന്നെ സ്വീകരിക്കാനയത്
നീ ഒരു ചിത്രമായപ്പോഴാണ്
ആദ്യമായി നിനക്ക് വിളംബുവാനായത്
തെക്കേ മുറ്റത്ത്‌ ഇല വെച്ചപ്പോഴാണ്
വാക്കുകളില്‍ മാധുര്യം നിറഞ്ഞു തൂവിയത്
കാതുകള്‍ക്ക് നീ അന്യമായപ്പോഴാണ്
അപ്പോഴും ബാക്കിയായി
പങ്കുവെക്കാനാവാത്ത നിമിഷങ്ങള്‍

Read more...

2009, ജൂൺ 29, തിങ്കളാഴ്‌ച

അരങ്ങൊഴിഞ്ഞ സൂത്രധാരന് ആദരാഞ്ജലികള്‍




പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.

Read more...

2009, ജൂൺ 24, ബുധനാഴ്‌ച

ഉര്‍ജ

മനസ്സിലെ പുല്‍ത്തകിടിയില്‍
ചൂടുള്ള പാദസ്പര്‍ശമായി ഉര്‍ജ
കൈവിട്ടുപോയൊരു വിരല്‍തുംപിനെ
എത്തിപ്പിടിക്കാനൊരുങ്ങുന്ന കുഞ്ഞിക്കൈ,
എന്‍റെ കൈവിരല്‍ തട്ടി മാറ്റി
പിന്നെയും മുന്നോട്ടു നീങ്ങുന്നു.
പെയ്തു തീരാത്ത ഒരു മേഘം
ആ കണ്ണുകളില്‍ മഷിയെഴുതിയിരുന്നു.
ചുവപ്പ് നിറം വാര്‍ന്ന കവിളില്‍
കണ്ണീര്‍ച്ചാലുകള്‍ കറുപ്പ് പൂശിയിരുന്നു
വാരിയെടുക്കാന്‍ നീളുന്ന കൈകളില്‍
അവള്‍ തിരയുന്നതെന്താണ്?
ആര്‍ത്തലച്ചു വരുന്നൊരു സങ്കടപ്പെരുമഴ
എന്‍റെ കാഴ്ച മറച്ചതെന്തേ?
നെഞ്ഞിലൊരു തീരാ നൊമ്പരത്തെ ചേര്‍ത്തു-
പിടിച്ചോരമമയെങ്ങാനും തേങ്ങുന്നുണ്ടാം

Read more...

2009, ജൂൺ 6, ശനിയാഴ്‌ച

ഓര്‍മയുടെ മയില്‍‌പീലി





കമല സുരയ്യക്ക് ആദരാഞ്ജലികള്‍. മെയില്‍ ബോക്സില്‍ വന്നു കിടക്കുന്ന ഒരു മെയിലിന്‍റെ തലക്കെട്ട്‌. വായിച്ചിട്ട് വിശ്വാസം വന്നില്ല. എന്ന്, എപ്പോള്‍, എങ്ങിനെ,... ഒരുപാടു ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു. മലയാളം പത്രങ്ങള്‍ കാണാറില്ല. ഓണ്‍ലൈന്‍ ന്യൂസ്‌ പേപ്പര്‍ ശീലമില്ലാത്തതിനാല്‍ അത് നോക്കാറില്ല. ഉടനെ മനോരമ നോക്കി. ശരിയാണ്, മെയ്‌ 31-നു. അന്ന് ജൂണ്‍ 1 തിങ്കളാഴ്ചയായിരുന്നു. അപ്പോള്‍ സമയം വൈകുന്നേരം 6 മണി.
രണ്ടു വര്‍ഷം മുന്‍പാണ്. കമല സുരയ്യ പൂനെയിലേക്ക് പോകുന്നു എന്നൊരു വാര്‍ത്ത‍. കൊച്ചിയില്‍ ഞാന്‍ വന്നിട്ട് 2 വര്‍ഷമായി. അതുവരെയും കമല സുരയ്യ അവിടെയുണ്ടെന്നോ, അവരെ ഒന്ന് പോയി കാണണം എന്നോ എനിക്ക് തോന്നിയിട്ടില്ല. എഴുത്തും വായനയും എല്ലാം സജീവമായിരുന്ന പഠനകാലത്ത്‌ നിന്ന് ജോലിയിലേക്കും ജീവിതപ്രശ്നങ്ങളിലേക്കും വഴിമാറിയത് കൊണ്ടാവും. എങ്കിലും അവര്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ ഇനിയൊരിക്കലും അവരെ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് ഒരു തോന്നല്‍.
മാധവിക്കുട്ടി എനിക്കേറ്റവും പ്രിയപ്പെട്ട എഴുതുകാരിയായിരുന്നോ എന്നെനിക്കറിയില്ല. ഞാനേറ്റവും കൂടുതല്‍ വായിച്ചിട്ടുള്ളതും മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ അല്ല. പക്ഷെ, കമല ദാസ്‌ എന്ന വ്യക്തിയെ അവര്‍ മാധവിക്കുട്ടിയെന്നോ കമല സുരയ്യയെന്നോ ഏതെല്ലാം പേരില്‍ അറിയപ്പെട്ടാലും എനിക്ക് ഒരുപാടു ഇഷ്ടമായിരുന്നു. പ്രി ഡിഗ്രി ഒന്നാം വര്‍ഷം ഇംഗ്ലീഷ് കവിതകളില്‍ കമല ദാസിന്‍റെ കവിതയും ഉണ്ടായിരുന്നു. അന്ന് ആ കവിത പഠിപ്പിച്ച രമ ടീച്ചര്‍ മാധവിക്കുട്ടിയുടെ കവിതകളെക്കുറിച്ച് പറഞ്ഞപ്പോള്‍ 'എന്‍റെ കഥ' എന്ന പുസ്തകത്തില്‍ നിന്നുള്ള വരികള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നു. കുട്ടികള്‍ക്ക് അണ്ണാറക്കണ്ണന്‍െറ ആശംസാകാര്‍ഡുകള്‍ അയച്ചിരുന്നതിനെപ്പറ്റി ആയിരുന്നു അത്. അന്ന് ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ ടീച്ചറിനോട് ആ പുസ്തകം വാങ്ങി. വായിച്ചു കഴിഞ്ഞു അത് തിരിച്ചു കൊടുത്തപ്പോള്‍ പുസ്തകം ഇഷ്ടമായോ എന്ന് ടീച്ചര്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു എന്‍റെ മറുപടി. ആ പ്രായത്തില്‍ അങ്ങനെയൊരു പുസ്തകം ഇഷ്ടമായി എന്ന് പറയനുള്ള ധൈര്യമില്ലാത്തതുകൊണ്ടാവും. പിന്നീട് അത് വായിക്കാന്‍ കഴിഞ്ഞിട്ടുമില്ല.ചില ചെറു കഥകളും നീര്‍മാതളം പൂത്തകാലവും രണ്ടോ മൂന്നോ നോവലുകളും. മാധവിക്കുട്ടിയുടെ കൃതികളില്‍ അത്രയൊക്കെയേ ഞാന്‍ വായിച്ചിട്ടുള്ളൂ. അതില്‍ നഷ്ടപ്പെട്ട നീലാംബരിയും നെയ്പായസവും എല്ലാം ഇപ്പോഴും ഓര്‍മയുണ്ട്. എങ്കിലും അവരെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് മനോരമ ആഴ്ചപ്പതിപ്പില്‍ അവര്‍ എഴുതിയിരുന്ന കോളം വായിച്ചാണ്. അവരുടെ കാഴ്ച്ചപ്പാടുകള്‍; സ്നേഹത്തെക്കുറിച്ച്, പ്രണയത്തെക്കുറിച്ച് അവര്‍ എഴുതിയിരുന്ന മനോഹരമായ ആശയങ്ങള്‍, എല്ലാം അവരെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എന്നെ എത്തിച്ചു. മറിച്ച്‌ അവരുടെ ആശയങ്ങള്‍ ഞാന്‍ മനസ്സിലുറപ്പിച്ചു. ഒരിക്കല്‍ അവര്‍ എഴുതി. "സൂര്യനില്‍ എരിഞ്ഞു കഴിഞ്ഞിട്ടും പ്രാണിയുടെ അഹന്തയോടെ ഞാന്‍ പറയട്ടെ, മാലാഖമാരുടെ കുത്തകയല്ല സന്തോഷം. (ശരിയായ വരികള്‍ ഇതുതന്നെയാണോ എന്ന് ഓര്‍മയില്ല.)" ഒരിക്കല്‍ ആകാശവാണിയില്‍ മാധവിക്കുട്ടിയുമായുള്ള അഭിമുഖം കേള്‍ക്കാനിടയായി. 60 വയസ്സ് കഴിഞ്ഞ ഒരാളാണ് സംസാരിക്കുന്നതു എന്ന് തോന്നിയില്ല. അത്ര മധുരമായിരുന്നു ആ ശബ്ദം.
കമല സുരയ്യയെ കാണാന്‍ പോകണം എന്നെ ചിന്തക്കൊപ്പം ഇവയെല്ലാം മനസ്സില്‍ വന്നു. ഓഫീസില്‍ നിന്ന് നമ്പര്‍ തപ്പിയെടുത്തു റിസപ്ഷനിലെ പെണ്‍കുട്ടിക്ക് കൊടുത്തു. മാധവിക്കുട്ടിയെ കിട്ടിയാല്‍ എനിക്ക് തരണം എന്ന് പറഞ്ഞു. രണ്ടു മിനിട്ട് കഴിഞ്ഞു ആ കുട്ടി ഫോണ്‍ കണക്ട് ചെയ്തു. "സംഗീതാ, അവര്‍ ചിരിക്കുന്നു. ഒന്നും പറയുന്നില്ല." ഞാന്‍ ഫോണ്‍ എടുത്തു. "മാധവിക്കുട്ടിയില്ലേ?" അപ്പുറത്ത് ചിരി. ഇനി മാധവിക്കുട്ടിയില്ലേ എന്ന് ചോദിച്ചതിനാണോ? "കമല സുരയ്യയില്ലേ?" ഞാന്‍ വീണ്ടും ചോദിച്ചു. അപ്പോഴും ചിരി. "ഞാന്‍ തന്നെയാണ്". ആകാശവാണിയിലൂടെ ഞാന്‍ പണ്ട് കേട്ട അതേ ശബ്ദം. ഞാന്‍ ധൈര്യം സംഭരിച്ച് ചോദിച്ചു. "എന്നാണ് പോകുന്നത്?" "ഒരാഴ്ച കൂടിയുണ്ട്." "എനിക്കൊന്നു കാണണം എന്നുണ്ട്. ഞാന്‍ വന്നോട്ടെ." "പത്രത്തില്‍ നിന്നാണോ?" "അല്ല. എനിക്കൊന്നു കണ്ടാല്‍ മാത്രം മതി." " ഇപ്പോള്‍ ഇവിടെ തിരക്കാണ്. 2 ദിവസം കഴിഞ്ഞു വന്നോളൂ." "ഞാന്‍ ഞായറാഴ്ച വരാം." "ശരി. വരുന്നതിനു മുന്‍പ് ഒന്ന് വിളിച്ചോളൂ." ഗിരിനഗരിലുള്ള വീടിന്റെ അഡ്രസ്സും പറഞ്ഞു തന്നു.
പിന്നീട് കമല സുരയ്യയെ കാണാന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ഞാന്‍. അവര്‍ക്ക് കൊടുക്കാനായി മനോഹരമായ ഒരു മയില്‍പീലിയും എടുത്തു വെച്ചു. ഞായറാഴ്ച്ചയായി. പോകുന്നതിനു മുന്‍പ് ഞാന്‍ ഫോണ്‍ ചെയ്തു. ഫോണ്‍ എടുത്തത്‌ ഒരു പുരുഷ ശബ്ദം. ഞാന്‍ മുന്‍പ് വിളിച്ചിരുന്നുവെന്നും വരാന്‍ പറഞ്ഞിരുന്നുവെന്നും പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു. "പത്രത്തില്‍ നിന്നാണോ?" ഞാന്‍ അല്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. "അവര്‍ക്ക് സുഖമില്ല. ഡോക്ടര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്." അവര്‍ പോകുന്നതിനു മുന്‍പ് കാണാന്‍ കഴിയുമായിരിക്കും. ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു. പിന്നീട് ഒരിക്കലും അവരെ ഫോണില്‍ കിട്ടിയില്ല. വിളിക്കാതെ ഒരു ദിവസം കയറിചെന്നാലോ എന്ന് വരെ ഞാന്‍ ആലോചിച്ചു. കുറച്ചു ദിവസം കഴിഞ്ഞു അവര്‍ പൂനെയിലേക്ക് പോയി എന്ന പത്ര വാര്‍ത്ത‍ കണ്ടു. അതിനിടയില്‍ എന്റെ വിവാഹം തീരുമാനിച്ചു. സില്‍വാസ്സ മുംബൈക്ക് അടുത്താണ് എന്നറിഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്‍ കരുതി. പൂനെ അവിടെ അടുത്തായിരിക്കും. ഇനി സില്‍വാസ്സയില്‍ ചെന്നിട്ടു അവരെ കാണാന്‍ പോകാം.
സില്‍വാസ്സയില്‍ എത്തിയശേഷം പൂനെ എന്ന സ്ഥലം പോലും എന്റെ ഓര്‍മയില്‍ വന്നില്ല. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സുനിലിന്‍റെ കമ്പനി പൂനെയില്‍ പുതിയ ഓഫീസ് തുറക്കുന്നു എന്ന് അറിഞ്ഞു. അപ്പോള്‍ സുനില്‍ പറഞ്ഞു. "പൂനെ നല്ല സ്ഥലമാണ്‌. ട്രാന്‍സ്ഫര്‍ കിട്ടുകയാണെങ്കില്‍ നമുക്ക് പോകാം." എന്‍റെ ആഗ്രഹങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചു തുടങ്ങി. പക്ഷെ, പൂനെയിലേക്കുള്ള എന്‍റെ യാത്ര തീരുമാനമാകുന്നതിനു മുന്‍പേ അവര്‍ അവസാന യാത്ര തുടങ്ങി. അവര്‍ക്ക് നല്‍കാനായി ഞാന്‍ സൂക്ഷിച്ച മയില്‍പീലി എവിടെയാണ്. കൃഷ്ണനെ നേരിട്ട് കണ്ട ആ ആത്മാവ് കൃഷ്ണനില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകുമോ? എങ്കില്‍ കൃഷ്ണാ, അവര്‍ക്ക് നല്‍കാനായി സൂക്ഷിച്ചുവെച്ച മയില്‍‌പീലി ഇതാ നിന്‍റെ കാല്‍ക്കല്‍ ‍ ഞാന്‍ സമര്‍പ്പിക്കുന്നു.

Read more...

2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

വിഷുക്കണി

വിഷുവെത്തുന്നതിനു മുന്‍പേ പൂത്തു കൊഴിഞ്ഞ കൊന്ന
പൂക്കാത്ത ഒരു കണിവെള്ളരിക്ക് സ്വര്‍ണ നിറം കൊടുത്തു
വെട്ടിലക്കെട്ടില്‍ നിന്നെത്തിനോക്കിയ ചുവന്ന നോട്ടു കണ്ടു
വെള്ളി നാണയം ഉത്തരത്തില്‍ തിരികെ ഒളിച്ചു.
അലക്കിയിട്ടും വെളുക്കാത്ത മനസ്സിനെ
കോടി പുതപ്പിച്ച്‌
സ്വപ്നത്തിലെ വിഷുക്കണി കാണാന്‍
ഞാന്‍ ഉറങ്ങാന്‍ കിടന്നു.

Read more...

2009, മാർച്ച് 28, ശനിയാഴ്‌ച

മഴച്ചതുരങ്ങള്‍

നാലുകെട്ടിലെ മഴച്ചതുരങ്ങള്‍
സ്വപ്നങ്ങളില്‍ നിറഞ്ഞു പെയ്യുമ്പോഴാണ്
കോണ്ക്രീട്ടിനിടയിലെ ഇത്തിരി മണ്ണില്‍
ആദ്യത്തെ മഴത്തുള്ളി വീണത്‌
അപ്പോഴും കണ്ണാടിചില്ലിനിപ്പുറത്തു
മണ്ണാങ്കട്ടയായി അലിയാനും
കരിയിലയായി പറന്നുപോകാനുമാകാതെ
ഞാന്‍ ഉരുകിക്കൊണ്ടിരുന്നു

Read more...

2009, മാർച്ച് 9, തിങ്കളാഴ്‌ച

ജാലകങ്ങള്‍

ജാലകങ്ങള്‍ പല തരത്തിലുണ്ട്.
അകത്തേക്ക് തുറക്കുന്ന ജാലകങ്ങള്‍
സമതുലനത്തിന്റെ ഓര്‍മപ്പെടുത്തലാണ്.
ഇലചാര്‍ത്തിലേക്ക് തുറക്കുന്ന ജാലകങ്ങള്‍
വിരല്‍ത്തുമ്പില്‍ നിന്നടര്‍ന്നുപോയ പച്ചപ്പാണ്.
നിരത്തിലേക്ക് തുറക്കുന്ന ജാലകങ്ങള്‍
കാഴ്ചയുടെ അനിവാര്യതയാണ്.
മച്ചകത്തിനു ജാലകങ്ങളില്ല.
ഉതിരും മുന്‍പേ പിടഞ്ഞു തീര്‍ന്ന നിശ്വാസങ്ങളായി,
നിര്‍മ്മിക്കപ്പെടുന്ന നിമിഷത്തില്‍ തന്നെ അത് മരിക്കുന്നു.
സ്വയമൊരു മച്ചകമായി മാറാന്.‍
നിരത്തിലേക്കുള്ള ജാലകമടക്കാതെ വയ്യ.

Read more...

2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

വ്യഖ്യാനഭേദങ്ങള്‍

വ്യാഖ്യാനങ്ങള്‍ ഭയന്ന് പണ്ടേ പടിയടച്ച്‌ പിണ്ഡം വെച്ചവ:
ആത്മഹത്യയും ഭ്രാന്തും
പടിപ്പുരയില്‍ മുട്ടിവിളിച്ചുകൊണ്ടേയിരുന്നു
വാതില്‍ കടക്കുന്ന നിമിഷത്തില്‍
അവ വ്യാഖ്യാനങ്ങള്‍ എഴുതിത്തുടങ്ങും
ഡയറിത്താളില്‍ കുറിച്ചിട്ട കവിതയില്‍ നിന്ന്
പ്രണയ നൈരാശ്യം ചികെഞ്ഞെടുക്കും
അടഞ്ഞു കിടക്കുന്ന മുറികളില്‍ കയറിയിറങ്ങി
അനാഥത്വത്തെ തട്ടിയുണര്‍ത്തും
കരിന്തിരി കത്തുന്ന വിളക്കില്‍ നിന്ന്
ദാരിദ്ര്യം കണ്ടെടുക്കും

അതിനാല്‍ ഞാന്‍ പടിപ്പുരവാതില്‍
എന്നെന്നേക്കുമായി അടച്ചു;
നിലാവില്‍ ഉണങ്ങാനിട്ട സ്വപ്നങ്ങള്‍ക്ക് കാവലിരുന്നു.

Read more...

2009, ഫെബ്രുവരി 14, ശനിയാഴ്‌ച

മനസ്സില്‍...

പറഞ്ഞതിനും പറയാതിരുന്നതിനും ഇടയ്ക്ക്
ബാക്കി വന്ന ഒരു വാക്ക്
ഉറക്കത്തിനും ഉണര്‍വിനും ഇടയ്ക്ക്
നഷ്‌ടമായ ഒരു സ്വപ്നം
കണ്ണിനും കണ്ണാടിക്കുമിടയില്‍
മങ്ങിപ്പോയ ഒരു പ്രതിബിംബം
ചോദ്യത്തിനും ഉത്തരത്തിനും ഇടയ്ക്ക്
വിട്ടുപോയ ഒരു ശരി
അവ
അലഞ്ഞുകൊണ്ടേയിരുന്നു

Read more...

2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

പുനര്‍ജ്ജന്മം

ഇനിയൊരു ജന്മമുണ്ടെങ്കില്‍
ഒരു ഭൂതമായി ജനിക്കണം
ഒരു ചിപ്പിക്കുള്ളില്‍ ഒതുങ്ങാനും
മലയായി വളരാനും അതിനേ കഴിയൂ
എന്നിട്ടു വേണം
വാക്കുകള്‍ക്കിടയില്‍ പതുങ്ങിയിരിക്കാന്‍
ഓര്‍ക്കാപ്പുറത്ത് ആഞ്ഞടിക്കാന്‍
ദ്രവിച്ചുതുടങ്ങിയിട്ടും കാത്തുസൂക്ഷിക്കുന്ന കൊട്ടാരങ്ങള്‍
ഒരു നിമിഷം കൊണ്ട് ചാമ്പലാക്കാന്‍
ഉടച്ചുകളഞ്ഞ കുടത്തിലെ സ്വാതന്ത്ര്യം
തിരിച്ചു പിടിക്കാന്‍.

Read more...

2009, ഫെബ്രുവരി 7, ശനിയാഴ്‌ച

ഭാഗം

പങ്കുവെക്കലിന്റെ തുല്യതയില്‍
രൂപം നിങ്ങള്‍ക്കും നിഴല്‍ എനിക്കും ലഭിച്ചപ്പോള്‍
പിന്നിട്ട ദൂരമത്രയും
നിഴലിനു പിന്നില്‍ ഒളിപ്പിക്കാനായിരുന്നു എനിക്കിഷ്ടം
ചിരികള്‍ നിങ്ങള്‍ക്കായി പങ്കുവെച്ചപ്പോഴും
മാറ്റിവെച്ച കരച്ചിലുകളിലായിരുന്നു നിങ്ങളുടെ ശ്രദ്ധ
ചോദിക്കരുത്;
ചിരിയില്‍ പൊതിഞ്ഞ കഥകളെപ്പറ്റി,
പങ്കുവെക്കനാവാത്ത നിഴലിനെപ്പറ്റി.

Read more...

2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

അന്വേഷണം

കണ്ണിനോടു പിണങ്ങി
കണ്ണുനീര്‍ പടിയിറങ്ങിയപ്പോള്‍
കനലെരിച്ചു ശുദ്ധമാക്കിയെങ്കിലും
തിരിച്ചുവിളിക്കുവാന്‍ ഒരുങ്ങിയ മനസ്സിനെ
ചങ്ങലക്കിടെണ്ടി വന്നു.
എന്നിട്ടും,
ചങ്ങല പൊട്ടിച്ച് ഇറങ്ങിയപ്പോഴൊക്കെ
അത് കണ്ണുനീരിനെ തിരഞ്ഞുകൊണ്ടിരുന്നു.

Read more...

2009, ജനുവരി 8, വ്യാഴാഴ്‌ച

നമുക്കിടയില്‍

നമുക്കിടയില്‍ ഒരിക്കലും ഒരു മഴക്കാലം ഉണ്ടായിരുന്നില്ല
ഒന്നുകില്‍ വേനലിന്‍റെ തീക്ഷ്ണത
അല്ലെങ്കില്‍ മഞ്ഞിന്‍റെ മരവിപ്പ്
പെയ്യാത്ത ഒരു മേഘക്കീറ് ആദ്യമായി
എനിക്ക് സമ്മാനിച്ചത്‌ നീയായിരുന്നു.
എന്നിട്ടും നീയറിഞ്ഞില്ല
പിന്നീട്,
എന്‍റെ മുകളിലൂടെ പെയ്യാത്ത മേഘങ്ങളുടെ
നിലയ്ക്കാത്ത പെയ്ത്തായിരുന്നുവെന്ന്.

Read more...

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP