2009, ജൂൺ 6, ശനിയാഴ്‌ച

ഓര്‍മയുടെ മയില്‍‌പീലി





കമല സുരയ്യക്ക് ആദരാഞ്ജലികള്‍. മെയില്‍ ബോക്സില്‍ വന്നു കിടക്കുന്ന ഒരു മെയിലിന്‍റെ തലക്കെട്ട്‌. വായിച്ചിട്ട് വിശ്വാസം വന്നില്ല. എന്ന്, എപ്പോള്‍, എങ്ങിനെ,... ഒരുപാടു ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു. മലയാളം പത്രങ്ങള്‍ കാണാറില്ല. ഓണ്‍ലൈന്‍ ന്യൂസ്‌ പേപ്പര്‍ ശീലമില്ലാത്തതിനാല്‍ അത് നോക്കാറില്ല. ഉടനെ മനോരമ നോക്കി. ശരിയാണ്, മെയ്‌ 31-നു. അന്ന് ജൂണ്‍ 1 തിങ്കളാഴ്ചയായിരുന്നു. അപ്പോള്‍ സമയം വൈകുന്നേരം 6 മണി.
രണ്ടു വര്‍ഷം മുന്‍പാണ്. കമല സുരയ്യ പൂനെയിലേക്ക് പോകുന്നു എന്നൊരു വാര്‍ത്ത‍. കൊച്ചിയില്‍ ഞാന്‍ വന്നിട്ട് 2 വര്‍ഷമായി. അതുവരെയും കമല സുരയ്യ അവിടെയുണ്ടെന്നോ, അവരെ ഒന്ന് പോയി കാണണം എന്നോ എനിക്ക് തോന്നിയിട്ടില്ല. എഴുത്തും വായനയും എല്ലാം സജീവമായിരുന്ന പഠനകാലത്ത്‌ നിന്ന് ജോലിയിലേക്കും ജീവിതപ്രശ്നങ്ങളിലേക്കും വഴിമാറിയത് കൊണ്ടാവും. എങ്കിലും അവര്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ ഇനിയൊരിക്കലും അവരെ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് ഒരു തോന്നല്‍.
മാധവിക്കുട്ടി എനിക്കേറ്റവും പ്രിയപ്പെട്ട എഴുതുകാരിയായിരുന്നോ എന്നെനിക്കറിയില്ല. ഞാനേറ്റവും കൂടുതല്‍ വായിച്ചിട്ടുള്ളതും മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ അല്ല. പക്ഷെ, കമല ദാസ്‌ എന്ന വ്യക്തിയെ അവര്‍ മാധവിക്കുട്ടിയെന്നോ കമല സുരയ്യയെന്നോ ഏതെല്ലാം പേരില്‍ അറിയപ്പെട്ടാലും എനിക്ക് ഒരുപാടു ഇഷ്ടമായിരുന്നു. പ്രി ഡിഗ്രി ഒന്നാം വര്‍ഷം ഇംഗ്ലീഷ് കവിതകളില്‍ കമല ദാസിന്‍റെ കവിതയും ഉണ്ടായിരുന്നു. അന്ന് ആ കവിത പഠിപ്പിച്ച രമ ടീച്ചര്‍ മാധവിക്കുട്ടിയുടെ കവിതകളെക്കുറിച്ച് പറഞ്ഞപ്പോള്‍ 'എന്‍റെ കഥ' എന്ന പുസ്തകത്തില്‍ നിന്നുള്ള വരികള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നു. കുട്ടികള്‍ക്ക് അണ്ണാറക്കണ്ണന്‍െറ ആശംസാകാര്‍ഡുകള്‍ അയച്ചിരുന്നതിനെപ്പറ്റി ആയിരുന്നു അത്. അന്ന് ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ ടീച്ചറിനോട് ആ പുസ്തകം വാങ്ങി. വായിച്ചു കഴിഞ്ഞു അത് തിരിച്ചു കൊടുത്തപ്പോള്‍ പുസ്തകം ഇഷ്ടമായോ എന്ന് ടീച്ചര്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു എന്‍റെ മറുപടി. ആ പ്രായത്തില്‍ അങ്ങനെയൊരു പുസ്തകം ഇഷ്ടമായി എന്ന് പറയനുള്ള ധൈര്യമില്ലാത്തതുകൊണ്ടാവും. പിന്നീട് അത് വായിക്കാന്‍ കഴിഞ്ഞിട്ടുമില്ല.ചില ചെറു കഥകളും നീര്‍മാതളം പൂത്തകാലവും രണ്ടോ മൂന്നോ നോവലുകളും. മാധവിക്കുട്ടിയുടെ കൃതികളില്‍ അത്രയൊക്കെയേ ഞാന്‍ വായിച്ചിട്ടുള്ളൂ. അതില്‍ നഷ്ടപ്പെട്ട നീലാംബരിയും നെയ്പായസവും എല്ലാം ഇപ്പോഴും ഓര്‍മയുണ്ട്. എങ്കിലും അവരെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് മനോരമ ആഴ്ചപ്പതിപ്പില്‍ അവര്‍ എഴുതിയിരുന്ന കോളം വായിച്ചാണ്. അവരുടെ കാഴ്ച്ചപ്പാടുകള്‍; സ്നേഹത്തെക്കുറിച്ച്, പ്രണയത്തെക്കുറിച്ച് അവര്‍ എഴുതിയിരുന്ന മനോഹരമായ ആശയങ്ങള്‍, എല്ലാം അവരെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എന്നെ എത്തിച്ചു. മറിച്ച്‌ അവരുടെ ആശയങ്ങള്‍ ഞാന്‍ മനസ്സിലുറപ്പിച്ചു. ഒരിക്കല്‍ അവര്‍ എഴുതി. "സൂര്യനില്‍ എരിഞ്ഞു കഴിഞ്ഞിട്ടും പ്രാണിയുടെ അഹന്തയോടെ ഞാന്‍ പറയട്ടെ, മാലാഖമാരുടെ കുത്തകയല്ല സന്തോഷം. (ശരിയായ വരികള്‍ ഇതുതന്നെയാണോ എന്ന് ഓര്‍മയില്ല.)" ഒരിക്കല്‍ ആകാശവാണിയില്‍ മാധവിക്കുട്ടിയുമായുള്ള അഭിമുഖം കേള്‍ക്കാനിടയായി. 60 വയസ്സ് കഴിഞ്ഞ ഒരാളാണ് സംസാരിക്കുന്നതു എന്ന് തോന്നിയില്ല. അത്ര മധുരമായിരുന്നു ആ ശബ്ദം.
കമല സുരയ്യയെ കാണാന്‍ പോകണം എന്നെ ചിന്തക്കൊപ്പം ഇവയെല്ലാം മനസ്സില്‍ വന്നു. ഓഫീസില്‍ നിന്ന് നമ്പര്‍ തപ്പിയെടുത്തു റിസപ്ഷനിലെ പെണ്‍കുട്ടിക്ക് കൊടുത്തു. മാധവിക്കുട്ടിയെ കിട്ടിയാല്‍ എനിക്ക് തരണം എന്ന് പറഞ്ഞു. രണ്ടു മിനിട്ട് കഴിഞ്ഞു ആ കുട്ടി ഫോണ്‍ കണക്ട് ചെയ്തു. "സംഗീതാ, അവര്‍ ചിരിക്കുന്നു. ഒന്നും പറയുന്നില്ല." ഞാന്‍ ഫോണ്‍ എടുത്തു. "മാധവിക്കുട്ടിയില്ലേ?" അപ്പുറത്ത് ചിരി. ഇനി മാധവിക്കുട്ടിയില്ലേ എന്ന് ചോദിച്ചതിനാണോ? "കമല സുരയ്യയില്ലേ?" ഞാന്‍ വീണ്ടും ചോദിച്ചു. അപ്പോഴും ചിരി. "ഞാന്‍ തന്നെയാണ്". ആകാശവാണിയിലൂടെ ഞാന്‍ പണ്ട് കേട്ട അതേ ശബ്ദം. ഞാന്‍ ധൈര്യം സംഭരിച്ച് ചോദിച്ചു. "എന്നാണ് പോകുന്നത്?" "ഒരാഴ്ച കൂടിയുണ്ട്." "എനിക്കൊന്നു കാണണം എന്നുണ്ട്. ഞാന്‍ വന്നോട്ടെ." "പത്രത്തില്‍ നിന്നാണോ?" "അല്ല. എനിക്കൊന്നു കണ്ടാല്‍ മാത്രം മതി." " ഇപ്പോള്‍ ഇവിടെ തിരക്കാണ്. 2 ദിവസം കഴിഞ്ഞു വന്നോളൂ." "ഞാന്‍ ഞായറാഴ്ച വരാം." "ശരി. വരുന്നതിനു മുന്‍പ് ഒന്ന് വിളിച്ചോളൂ." ഗിരിനഗരിലുള്ള വീടിന്റെ അഡ്രസ്സും പറഞ്ഞു തന്നു.
പിന്നീട് കമല സുരയ്യയെ കാണാന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ഞാന്‍. അവര്‍ക്ക് കൊടുക്കാനായി മനോഹരമായ ഒരു മയില്‍പീലിയും എടുത്തു വെച്ചു. ഞായറാഴ്ച്ചയായി. പോകുന്നതിനു മുന്‍പ് ഞാന്‍ ഫോണ്‍ ചെയ്തു. ഫോണ്‍ എടുത്തത്‌ ഒരു പുരുഷ ശബ്ദം. ഞാന്‍ മുന്‍പ് വിളിച്ചിരുന്നുവെന്നും വരാന്‍ പറഞ്ഞിരുന്നുവെന്നും പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു. "പത്രത്തില്‍ നിന്നാണോ?" ഞാന്‍ അല്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. "അവര്‍ക്ക് സുഖമില്ല. ഡോക്ടര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്." അവര്‍ പോകുന്നതിനു മുന്‍പ് കാണാന്‍ കഴിയുമായിരിക്കും. ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു. പിന്നീട് ഒരിക്കലും അവരെ ഫോണില്‍ കിട്ടിയില്ല. വിളിക്കാതെ ഒരു ദിവസം കയറിചെന്നാലോ എന്ന് വരെ ഞാന്‍ ആലോചിച്ചു. കുറച്ചു ദിവസം കഴിഞ്ഞു അവര്‍ പൂനെയിലേക്ക് പോയി എന്ന പത്ര വാര്‍ത്ത‍ കണ്ടു. അതിനിടയില്‍ എന്റെ വിവാഹം തീരുമാനിച്ചു. സില്‍വാസ്സ മുംബൈക്ക് അടുത്താണ് എന്നറിഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്‍ കരുതി. പൂനെ അവിടെ അടുത്തായിരിക്കും. ഇനി സില്‍വാസ്സയില്‍ ചെന്നിട്ടു അവരെ കാണാന്‍ പോകാം.
സില്‍വാസ്സയില്‍ എത്തിയശേഷം പൂനെ എന്ന സ്ഥലം പോലും എന്റെ ഓര്‍മയില്‍ വന്നില്ല. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സുനിലിന്‍റെ കമ്പനി പൂനെയില്‍ പുതിയ ഓഫീസ് തുറക്കുന്നു എന്ന് അറിഞ്ഞു. അപ്പോള്‍ സുനില്‍ പറഞ്ഞു. "പൂനെ നല്ല സ്ഥലമാണ്‌. ട്രാന്‍സ്ഫര്‍ കിട്ടുകയാണെങ്കില്‍ നമുക്ക് പോകാം." എന്‍റെ ആഗ്രഹങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചു തുടങ്ങി. പക്ഷെ, പൂനെയിലേക്കുള്ള എന്‍റെ യാത്ര തീരുമാനമാകുന്നതിനു മുന്‍പേ അവര്‍ അവസാന യാത്ര തുടങ്ങി. അവര്‍ക്ക് നല്‍കാനായി ഞാന്‍ സൂക്ഷിച്ച മയില്‍പീലി എവിടെയാണ്. കൃഷ്ണനെ നേരിട്ട് കണ്ട ആ ആത്മാവ് കൃഷ്ണനില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകുമോ? എങ്കില്‍ കൃഷ്ണാ, അവര്‍ക്ക് നല്‍കാനായി സൂക്ഷിച്ചുവെച്ച മയില്‍‌പീലി ഇതാ നിന്‍റെ കാല്‍ക്കല്‍ ‍ ഞാന്‍ സമര്‍പ്പിക്കുന്നു.

10 അഭിപ്രായ(ങ്ങള്‍):

Dr. Prasanth Krishna 2009, ജൂൺ 7 5:21 PM  

സംഗീത ഇഷ്ടമായി ഈ കുറിപ്പ്. പറയാന്‍ എനിക്കും ഉണ്ട് ഇതുപോലെ കുറെ. തിരക്കുകാരണം തല്‍ക്കാലത്തേക്ക് ബ്ലോഗില്‍ നിന്നും വിട്ടുനില്‍ക്കയാണ്, കമല സുരയ്യ എന്ന് കണ്ടതുകൊണ്ടുമാത്രം ഇത്രേടം വരെ വന്നതാണ്. കാണാന്‍ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞില്ല. ഇനി അതിനു കഴിയില്ലല്ലോ എന്ന ഒരു വേദനകൂടി തന്നിട്ടാണ് മാധവികുട്ടി വിട്ടുപോയത്. ഞാന്‍ ആദ്യമായ് വിമര്‍ശിച്ച കഥാകാരിയും മലയാളത്തില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിയുമാണ് മാധവികുട്ടി.

ഏ.ആര്‍. നജീം 2009, ജൂൺ 7 5:54 PM  

ഒരു കഥാകാരിയെന്നതിലുപരി ആ നല്ല മനസ്സിനെ അടുത്തറിഞ്ഞു സ്നേഹിച്ച ഒരു വായനക്കാരിയുടെ കുറിപ്പ് ഹൃദ്യമായി.

മറ്റെന്ത് പറയാന്‍..!

Meenakshi 2009, ജൂൺ 7 7:16 PM  

സ്നേഹത്തിണ്റ്റെ ഭാഷ കൊണ്ട്‌ സാഹിത്യലോകത്ത്‌ വിസ്മയങ്ങള്‍ സൃഷ്ടിച്ച മാധവിക്കുട്ടിയെപോലെ ഒരു എഴുത്തുകാരി ഇനി ഉണ്ടാവുമോ എന്നത്‌ സംശയമാണ്‌. അവരെ പറ്റിയുള്ള ഓര്‍മ്മപുതുക്കല്‍ അവസരോചിതമായി. അഭിനന്ദനങ്ങള്‍

Prajeshsen 2009, ജൂൺ 7 8:28 PM  

dear,
manoharamaayirikkunnu
vakkukalum varikalum
madhavikkuttikku sneeha sammanamayi

greatt...

nandakumar 2009, ജൂൺ 7 8:52 PM  

വളരെ അത്മാര്‍ത്ഥത തോന്നുന്നു ഈ കുറിപ്പില്‍.

(മരണശേഷം വാഴ്ത്തപ്പെടുന്നവരുടെ കൂട്ടത്തിലേക്ക് മാധവിക്കുട്ടിയും കൂടി. മാധവിക്കുട്ടിയെ അവഹേളിച്ചവരുടെ പൊയ്‌വാക്കുകളില്‍ നിന്നും അവരുടെ ഒരു വരിയോ വാക്കോ പോലും ഓര്‍മ്മിക്കാനാവത്തവരുടെ നീണ്ട ലേഖനങ്ങളിലും മനം മടുത്തിരിക്കുകയായിരുന്നു.)

മരണത്തെ ആഘോഷിക്കുന്നവരുടെ പൊള്ളയായ കുറിപ്പുകള്‍ക്കിടയില്‍; ഒരു നഷ്ടബോധം സ്ഫുരിക്കുന്ന ഓര്‍മ്മ കുറിപ്പ് വായിച്ചപ്പോള്‍ നല്ലൊരു തൃപ്തി തോന്നുന്നുണ്ട്.


നന്ദന്‍/നന്ദപര്‍വ്വം

naakila 2009, ജൂൺ 7 10:20 PM  

മനസ്സിലെവിടെയോ ഒരു മുറിപ്പാടില്‍ നിന്ന് ചോര പൊടിഞ്ഞു

അജ്ഞാതന്‍,  2009, ജൂൺ 8 10:06 PM  

എഴുത്തിലും വായനയിലും
വഴിമാറി നടന്ന മാധവിക്കുട്ടിയെ സ്മരിക്കുന്ന ആര്‍ജ്ജവമുള്ള കുറിപ്പ്.

ആശംസകള്‍..

(ഓര്‍ക്കുട്ടില്‍ ബൂലോഗം കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഇ-മെയിലാണ് എന്നെ ഇവിടെയെത്തിച്ചത്))

oru mukkutti poovu 2009, ജൂൺ 9 10:27 AM  

മാധവിക്കുട്ടി, ചന്തമുള്ള മുഖവും ചന്തമുള്ള മനസ്സും..
ഇനി ചന്തമുള്ള ഓർമ്മയായിരിക്കട്ടെ...

नम्बिअर 2009, ജൂൺ 9 1:56 PM  

krishna enikkonnum parayan illa...its realy un belivable

സംഗീത 2009, ജൂൺ 10 6:38 PM  

ഒരുപാട് സംശയിച്ചാണ് ഞാന്‍ ഇത് പോസ്റ്റ്‌ ചെയ്തത്. ഇത്രയും പ്രശസ്തയായ ഒരു എഴുതുകാരിയെക്കുറിച്ചു അനുസ്മരണം എഴുതാന്‍ ഞാന്‍ ആര് എന്ന് വായനക്കാര്‍ കരുതുമോ എന്നാ പേടിയുണ്ടായിരുന്നു. സന്തോഷ്‌ (പാദമുദ്ര) ആണ് ധൈര്യം തന്നത്. ഇത് വായിച്ചവര്‍ എഴുതിയ കുറിപ്പുകള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. എല്ലാവര്ക്കും നന്ദി എന്ന് പറയാം. പക്ഷെ അങ്ങനെ പറഞ്ഞാല്‍ പൂര്‍ണമാകുമോ എന്നറിയില്ല. എങ്കിലും പറയാന്‍ മറ്റൊരു വാക്കില്ലല്ലോ. പ്രശാന്ത് കൃഷ്ണ , നജീം , മീനാക്ഷി , അനീഷ്‌ , നന്ദന്‍ , പ്രജേഷ് , ഷാജു , രജീഷ് , മുക്കുറ്റിപൂവ് എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP