2021 ഫെബ്രുവരി 19, വെള്ളിയാഴ്‌ച

പറയാതെ പോയ ഇഷ്ടം


ഒരിക്കൽ നിങ്ങൾ പ്രണയിച്ച പെൺകുട്ടിയോട്
അവളറിയാതെ പോയ നിങ്ങളുടെ പ്രണയത്തെക്കുറിച്ച്
ഒരിക്കലും പറയരുത്
നിങ്ങൾ അവൾക്കായി എഴുതി, അയക്കാതെവെച്ച
പ്രണയലേഖനത്തിലെ വരികൾ
സന്ദേശങ്ങളായി അയക്കരുത്
അവളെക്കുറിച്ച് നിങ്ങൾ ഒരിക്കൽ എഴുതിയ
കവിത അവൾ കേൾക്കാനായി
വീണ്ടും പാടരുത്.
കാരണം,
വിറയാർന്ന കൈത്തലം കൊണ്ട്
നിങ്ങൾ അവൾക്കയച്ച സന്ദേശങ്ങളിൽ
അവളുടെ കൈത്തലത്തിന്റെ തണുപ്പ് തിരയുമ്പോൾ
പനിച്ചൂടിലുരുകുന്ന കുഞ്ഞിന്റെ നെറ്റിയിലേക്ക്
അവളത് ചേർത്ത് വെച്ചിരിക്കും
അവളുടെ മുടിയെക്കുറിച്ചെഴുതിയ കവിതയിൽ
നിങ്ങൾ മുഖം ഒളിപ്പിക്കുമ്പോൾ
ആ മുടിയൊന്നു കോതുവാനാകാതെ
അവളുടെ ചിന്തകൾ ജടപിടിച്ചിരിക്കും
അവൾ അടുപ്പിലേക്ക് എടുത്തുവെച്ച
പാത്രത്തിനടിയിലെ വെള്ളത്തുളളിയോളം
ആയുസ്സേ നിങ്ങളുടെ പ്രണയത്തിനും ഉണ്ടാവൂ
നിങ്ങൾ ഒരിക്കൽ പ്രണയിച്ച പെൺകുട്ടിയോട്
പറയാതെ പോയൊരിഷ്ടം ഒരിക്കലും പറയരുത്
കാരണം, പറയാത്ത വാക്കിന്റെ നഷ്ടം

നിങ്ങൾക്ക് മാത്രമുള്ളതാണ്. 

Read more...

2019 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഗണിതം

തുടക്കത്തിൽ വളരെ ലളിതമായിരുന്നു എല്ലാം
ഒറ്റ അക്കങ്ങളിൽ വിരൽത്തുമ്പിൽ കൂട്ടിയും കുറച്ചും
സ്വപ്നങ്ങളുടെ പെരുക്കങ്ങളായിരുന്നു പിന്നെ
വീതംവെയ്ക്കലുകൾ നഷ്ടങ്ങളുടെ ആവർത്തനമായിരുന്നു
സമദൂരത്തിനപ്പുറം പരിധികൾ കൂടി നിശ്ചയിക്കുമെന്ന് വൃത്തങ്ങളുടെ മുന്നറിയിപ്പ്
തട്ടുകൾ ഉയർന്നും താഴ്ന്നും സമവാക്യങ്ങൾ
ഇന്നും ശരികളായിത്തന്നെ തുടരുന്നു.

Read more...

എഴുത്തുകാരികൾ

എഴുത്തുകാരികൾ അടുത്ത ജന്മത്തിൽ കാറ്റായി ജനിക്കും
ഒരു മുളങ്കുഴലിന്റെ സുഷിരങ്ങളിൽ നൃത്തമാടി അതിൽ സംഗീതം തീർക്കും
മണൽക്കൂനകളിൽ വിരൽത്തുമ്പുകൊണ്ടു കഥകളെഴുതും
കുഞ്ഞു മേഘങ്ങളെ മാറിലൊതുക്കി പറന്ന്
എരിയുന്ന മണ്ണിലേക്ക് മഴയായി പതിക്കും
നിറകണ്ണുകളിലേക്ക് തണുപ്പായി വീശി
കണ്ണീരിനെ കവിതയാക്കി മാറ്റും
കാണാനാവാത്ത ചതുപ്പുനിലങ്ങളിൽ
വേരുകൾ കൊണ്ട് ശ്വസിക്കാൻ പഠിക്കും
തനിക്കുമേൽ വളരുന്ന നുണകളിലേക്കു ചുഴലിയായി ആഞ്ഞടിക്കും.

Read more...

2019 മാർച്ച് 14, വ്യാഴാഴ്‌ച

ഉത്സവച്ചിത്രം

ഒരിക്കലും മാറ്റി വരയ്ക്കാനാവാത്ത 
ഉത്സവച്ചിത്രം പോലെയാണ് ഓർമ്മകൾ
കറുത്ത സത്യങ്ങളെ നെറ്റിപ്പട്ടമണിയിച്ച്‌
തിടമ്പേറ്റി നിർത്തുന്ന കാലം
തീരാത്ത മത്സരങ്ങളുടെ കുടമാറ്റങ്ങൾ 
സ്നേഹത്തിന്റെ വെൺചാമരങ്ങൾ
സ്വപ്നങ്ങൾ പീലി വിടർത്തുന്ന ആലവട്ടങ്ങൾ
ഒരു കൈ ചെണ്ടയിലും ഒരു കൈ വായുവിലും നിർത്തുന്ന 
ആവേശത്തിന്റെ സന്തുലനങ്ങൾ
നിലയ്ക്കാത്ത കെട്ടു കാഴ്ചകൾ
അലിഞ്ഞു തീരാത്ത മധുരക്കൂമ്പാരങ്ങൾ

Read more...

കവിതയും ഞാനും

പ്രണയമെന്നും നിന്നോടായിരുന്നു
നാല്ക്കവലകളിൽ വഴി പിരിഞ്ഞിട്ടും
പിന്നേയും കൂട്ടു വന്നവനോട്
കാറ്റിൽ മുല്ലപ്പൂ മണമായ് തീർന്നവനോട്
നിറങ്ങൾ കൊണ്ട് മഴവില്ല് തീർത്തവനോട്
ഉത്സവത്തിരക്കിൽ കൈവിടാത്തവനോട്
കറുപ്പിനെ അക്ഷരങ്ങളാക്കിയവനോട്
പെരുമഴയിൽ കൂടെ നനയാനിറങ്ങിയവനോട്
പുളിയിലയുടെ തണലൊരുക്കിയവനോട്
മുഖം ചുളിക്കാത്ത കേൾവിക്കാരനോട്
കഥ പറഞ്ഞ് തോളിലുറക്കിയവനോട്
പ്രണയമെന്നും നിന്നോടായിരുന്നു
പതിറ്റാണ്ടുകൾ കൂടെ നടന്ന്
കവിതയായി തീർന്നവനോട്

Read more...

2018 ഡിസംബർ 26, ബുധനാഴ്‌ച

ഒടുവിൽ

ഒടുവിലാണറിഞ്ഞത്,
ഒരു അർദ്ധവിരാമം കൊണ്ടോ 
പൂർണ്ണവിരാമം കൊണ്ടോ അവസാനിപ്പിക്കാവുന്ന
തുടർബിന്ദുക്കളിൽ ഒന്നു മാത്രമാണ് ഞാനെന്ന്.
ഒരിക്കലും ഒരു വാക്കായി പരിണമിക്കാതെ,
ഒരു നീർത്തുള്ളിയാൽ മാഞ്ഞു പോകുന്നതും
ഒരു നിഴലിനാൽ മറഞ്ഞു പോകുന്നതും
ഞാൻ മാത്രമായിരുന്നുവെന്ന്.

Read more...

വേരുകൾ

ചില മരങ്ങൾക്ക്, 
ചുറ്റും പരന്ന് കിടക്കുന്ന വേരുകളുണ്ട്
തായ് വേരറുത്തു എന്ന് ആശ്വസിച്ചാലും
എവിടെനിന്നെങ്കിലും ഒരില മുളച്ചുപൊങ്ങും,
മണ്ണുമൂടിക്കിടക്കുന്ന വേരുകൾ 
ചോരയൊലിപ്പിക്കും,
ഇനിയൊരിക്കലും മരമായിത്തീരാതെ,
തളിരുകൾ മണ്ണിൽ മുരടിച്ച് നില്ക്കും

Read more...

എത്രയായാലും

എത്ര ശാന്തമായി 
പച്ചപ്പട്ടണിയിച്ചു കടന്നു പോയാലും 
ഒരിക്കൽ, പുഴ ആർത്തലച്ച് 
തീരങ്ങളെ കവർന്നെടുത്ത് പോകുക തന്നെ ചെയ്യും 
എത്ര രഹസ്യങ്ങൾ ഉള്ളിലൊതുക്കിയാലും
കടൽ, ഒരിക്കലതിന്റെ അവശിഷ്ടങ്ങൾ 
കരയിലെത്തിക്കുക തന്നെ ചെയ്യും
മഴവില്ലുകളാൽ എത്ര വിസ്മയിപ്പിച്ചാലും ഒരിക്കൽ, 
മേഘങ്ങൾ മിന്നൽ കൊണ്ട് ഭൂമിയെ പൊള്ളിക്കുക തന്നെ ചെയ്യും

Read more...

മഴയത്ത്

പെരുമഴയത്ത് ഇരു കുടകളിൽ 
സംസാരിച്ചുകൊണ്ട് നടക്കണം
മഴയിരമ്പലിൽ, മറ്റെയാൾ
പറയുന്നതെന്തെന്നറിയാതെ
മഴത്തുള്ളികൾ വീണടഞ്ഞു പോകുന്ന
കണ്ണുകൾ ചിമ്മിച്ചിരിക്കണം
കോർത്തു പിടിച്ച കൈകളിലെ
മഴവെള്ളത്തെ മുറുകെപ്പിടിക്കണം

Read more...

മഞ്ഞ്

സങ്കടത്തിന്റെ ഓരോ കടലിലുമുണ്ട്
കണ്ണുനീരിന്റെ മഞ്ഞു കട്ടകൾ
അളക്കാനാവാത്ത ആഴങ്ങളിൽ
ഒളിച്ചിരുന്ന് തലയുയർത്തുന്നവ
വെയിലിലും മഴയിലും ഇടയ്ക്കിടെ
മുങ്ങിനിവരുന്നവ
അലിഞ്ഞു തീരാൻ
ഒരിളം ചൂടിനായ് കാത്തിരിക്കുന്നവ 

Read more...

അരങ്ങ്


ആട്ടവിളക്കിന്റെ തിരിയണഞ്ഞ്
കാണികൾ ഒഴിയുമ്പോൾ
അരങ്ങിൽ നിറഞ്ഞാടുന്ന
ചില വേഷങ്ങളുണ്ട്.
മുഖത്തെഴുത്തില്ലാതെ,
മേളങ്ങളുടെ അകമ്പടിയില്ലാതെ,
ഇടറിപ്പോകുന്ന പദങ്ങൾക്കൊത്ത്
ആടിത്തീർക്കുന്നവ.
ഉറങ്ങിപ്പോയ കഥകളും
ഉറക്കച്ചടവാർന്ന മുദ്രകളും
മറ്റൊരു അരങ്ങിനായി
കാത്തുവെക്കുന്നവ.

Read more...

മഴ



ചില ബന്ധങ്ങൾ ആർത്തലച്ചു പെയ്യുന്ന
മഴ പോലെയാണ്.
കുറച്ചു നിമിഷത്തിൽ വല്ലാതെ ഭ്രമിപ്പിച്ച്
നിലച്ചു പോകുന്നത് .
മണ്ണിനടിയിൽ ഒരുറവയായി തീരാതെ,
നനവു പോലുമവശേഷിപ്പിക്കാതെ
കുത്തൊഴുക്കിൽ തീർന്നു പോകുന്നത്.

Read more...

2018 ഡിസംബർ 5, ബുധനാഴ്‌ച

സമയം

സമയം ചിലപ്പോൾ കാണാത്ത ഒരു നൂലിഴ കൊണ്ട് 
നമ്മെ സൂചികളിൽ കെട്ടിയിടും 
സ്വയമറിയാതെ കറങ്ങാനും 
തല കീഴെ നിൽക്കാനും പഠിപ്പിക്കും
തുടക്കവും ഒടുക്കവും അറിയാതെ 
പെന്ഡുലത്തിനൊപ്പം ആടാൻ ശീലിപ്പിക്കും 
സൂചികൾക്കിടയിൽ അകപ്പെട്ട നിമിഷങ്ങളെ 
എണ്ണാൻ ഏല്പിക്കും 
ജീവനകന്നു പോയ സൂചിയിലെ 
നിലയ്ക്കാൻ പോകുന്ന ചലനത്തിന് 
കാവൽ നിർത്തും

Read more...

2018 മേയ് 7, തിങ്കളാഴ്‌ച

പ്രണയം


പ്രണയമൊരു വളർത്തു നായയാണ്
ഒരിക്കൽ അന്നവും വെള്ളവും
കൊടുത്തു എന്ന കാരണത്താൽ
ജീവിതകാലം മുഴുവൻ വാലാട്ടി നില്ക്കും
എത്ര തട്ടിമാറ്റിയാലും
കാൽച്ചുവട്ടിൽ വന്നു കിടക്കും
ഒരെല്ലിൻ കഷണത്തിനായി
വാതിൽക്കൽ കാത്തിരിക്കും
ചങ്ങലപ്പാട് മാഞ്ഞാലും
കെട്ടിയ കുറ്റിയ്ക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും

Read more...

2018 മാർച്ച് 9, വെള്ളിയാഴ്‌ച

ചില തിരിച്ചറിവുകൾ

എത്ര ശാന്തമായി പച്ചപ്പട്ടണിയിച്ചു കടന്നു പോയാലും 
ഒരിക്കൽ, പുഴ ആർത്തലച്ച് തീരങ്ങളെ കവർന്നെടുത്ത് പോകുക തന്നെ ചെയ്യും 
എത്ര രഹസ്യങ്ങൾ ഉള്ളിലൊതുക്കിയാലും
കടൽ, ഒരിക്കലതിന്റെ അവശിഷ്ടങ്ങൾ കരയിലെത്തിക്കുക തന്നെ ചെയ്യും
മഴവില്ലുകളാൽ എത്ര വിസ്മയിപ്പിച്ചാലും ഒരിക്കൽ, മേഘങ്ങൾ മിന്നൽ കൊണ്ട് ഭൂമിയെ പൊള്ളിക്കുക തന്നെ ചെയ്യും

Read more...

ചിന്തകൾ

ചിന്തകൾ പുഴുക്കളെപ്പോലാണ്
ചിലത് ,
തെളിഞ്ഞ ആകാശത്തു നിന്ന്
അറ്റം കാണാത്ത നൂലിലൂടെ
ഊർന്നിറങ്ങി മുഖത്ത് തട്ടും 
കൈ തട്ടുമ്പോൾ തെറിച്ചുവീണ്
അപ്രത്യക്ഷമാകും.
ഇലക്കീഴിൽ ഉറങ്ങിക്കിടന്നവയിൽ ചിലത്,
വിരലുകളിൽ മൃദുവായൊരു നടുക്കം സമ്മാനിച്ച്
പുതിയൊരു പുലരിയിലേക്കു ചിറകു വിരിക്കും
ആരുമറിയാതെ,
കൈത്തണ്ടയിലേക്കരിച്ചു കയറുന്നവ
തട്ടിയകറ്റുമ്പോഴേക്കും
ഉണങ്ങാത്ത വ്രണങ്ങൾ തീർത്തു കഴിഞ്ഞിരിക്കും

Read more...

പാഠഭേദങ്ങൾ

തിരുത്തേണ്ട ചില പാഠങ്ങൾ ഉണ്ട് 
ചില മുന്തിരികൾക്ക്
എപ്പോഴും മധുരമായിരിയ്ക്കും
ചില നെല്ലിക്കകൾ ആദ്യാവസാനം 
ചവർപ്പ് മാത്രമേ നല്കൂ

Read more...

കനൽ

ഉള്ളിൽ എത്ര എരിഞ്ഞാലും 
പുകഞ്ഞു തീരുന്ന ചില മരങ്ങളുണ്ട് ഒന്ന് ആളിക്കത്താതെ 
ഒരു പുൽത്തലപ്പിലും തീ പടർത്താതെ 
ഒരു കനൽ പോലും അവശേഷിപ്പിക്കാതെ 
ഒടുവിൽ കാറ്റിലലിഞ്ഞു ചേരുന്നവർ

Read more...

അതിജീവനം

സഹനത്തിന്റെ കാലത്തിനപ്പുറം 
അതിജീവനത്തിനുമുണ്ടൊരു കാലം
അതിജീവനവും പരിണാമവും
ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്
വിധിയെഴുത്തുകൾ തിരുത്താതിരിക്കുന്നതും
സ്വയം വിധിയെഴുതുന്നതും കാഴ്ചയ്ക്കപ്പുറമുള്ള ആ മറുപുറമാണ്

Read more...

2011 മാർച്ച് 27, ഞായറാഴ്‌ച

വാക്കും അര്‍ത്ഥവും

വാക്കും അര്‍ത്ഥവും തമ്മില്‍
ജനിച്ച നാള്‍ മുതലുള്ള തര്‍ക്കം
തുടര്‍ന്നുകൊണ്ടെയിരുന്നു
താന്‍ വിചാരിക്കാത്തിടത്ത് അര്ത്ഥം
പതിയിരിക്കുന്നുവെന്നു വാക്ക്.
തനിക്കു പിടിതരാതെ വാക്ക് മുന്‍പേ
പറക്കുന്നു വെന്ന് അര്ത്ഥം
ഒരുമിച്ച്‌ ഇനി മുന്നോട്ടില്ലെന്ന് ഉറപ്പിച്ച്‌
പിന്തിരിഞ്ഞ വാക്ക് അര്‍ത്ഥത്തെ കണ്ടില്ല
മുന്നില്‍, തനിക്കു മുന്‍പേ പിന്തിരിഞ്ഞ
തന്റെ നിഴല്‍ മാത്രം.
 

Read more...

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP